മോസ്‌കോ: ഉക്രെയ്‌നില്‍ നിന്ന് വേര്‍പെടാന്‍ പോരാടുന്ന കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
ഉക്രെയ്‌നെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനുള്ള റഷ്യന്‍ തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ അനുമാനിക്കുന്നത്. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ സ്വതന്ത്രമാകാന്‍ ഉക്രെയ്ന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്‌കിനേയും ലുഗാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്.
അതിനിടെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും. യോഗത്തില്‍ ഇന്ത്യയും പ്രസ്താവന നടത്തും.
ഉക്രെയ്ന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് പുടിന്റെ നടപടി. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തെ വിന്യസിക്കാന്‍ വഴിയൊരുക്കുന്ന നീക്കമാണ് പുടിന്‍ നടത്തിയിരിക്കുന്നത്.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്‍ പ്രഖ്യാപനം നടത്തിയത്. കിഴക്കന്‍ മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തിന് വേഗത്തില്‍ പ്രവേശിക്കാന്‍ നടപടിയിലൂടെ കഴിയുമെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.
ഉക്രെയ്‌ന്റെ പരമാധികരത്തിന്‍മേല്‍ കടന്നുകയറി അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് റഷ്യ നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ഉക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.
ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് കടന്നുകയറ്റത്തിനുള്ള ശ്രമമാണ് റഷ്യ നടത്തികൊണ്ടിരിക്കുന്നതെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.
സ്വതന്ത്രമാക്കിയ ഡൊണെറ്റ്സ്‌കിലും ലുഗാന്‍സ്‌കിലും ഉക്രെയ്ന്‍ വിമതരുടെ സഹായത്തോടെ റഷ്യ സൈനിക നീക്കങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.