മോസ്‌കോ: ഉക്രെയ്ന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഈ അടുത്ത് നടത്തിയ യോഗം ഏറെ ചര്‍ച്ചയായിരുന്നു. 12 അടിയോളം നീളമുള്ള വെളുത്ത മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്നാണ് ഇരുവരും ചര്‍ച്ച നടത്തിയിരുന്നത്. റഷ്യയില്‍ വെച്ച് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യം മാക്രോണ്‍ നിരസിച്ചതിനെ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡപ്രകാരമുള്ള അകലം പാലിച്ച് ചര്‍ച്ച നടത്തേണ്ടി വന്നത് എന്ന് അന്ന് ഭരണകൂടം വിശദീകരണവും നല്‍കിയിരുന്നു. നിരവധി ട്രോളുകള്‍ക്കും ഈ മേശ കാരണമായിരുന്നു.
ഇപ്പോള്‍ അന്ന് നീളം കൊണ്ട് ശ്രദ്ധ നേടിയ മേശയുടെ വിലയും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് മേശയുടെ ഡിസൈനര്‍. 12 അടിയോളം നീണ്ടതായിരുന്നു ആ മേശ. വിലയാണെങ്കില്‍ 84 ലക്ഷം രൂപയും. റിനാറ്റോ പോളോന എന്ന ഇറ്റാലിയന്‍ ഡിസൈനറാണ് ഈ മേശ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിലും നീളമുള്ള മേശകളും മോസ്‌കോ, ക്രെംലിനിലെ പ്രസിഡന്‍ഷ്യല്‍ പാലസിലേക്കു നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. റഷ്യയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണു ഗ്രാന്‍ഡ് ക്രെംലിന്‍ പാലസ്. ആദ്യകാലങ്ങളില്‍ വിഖ്യാതമായ സാര്‍ ഭരണകൂടത്തിന്റെ ആസ്ഥാനവും സൗധവുമായിരുന്നു ഈ പാലസ്. സുരക്ഷാ മേഖലയാണെങ്കിലും ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കാറുണ്ട്.
1995-1997 കാലഘട്ടത്തില്‍ റഷ്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ നിരവധി കരാറുകളുടെ ഭാഗമായാണു ഈ ടേബിള്‍ നിര്‍മ്മിച്ച് നല്‍കിയതെന്ന് റിനാറ്റോ പോളോന വ്യക്തമാക്കിയിരുന്നു. വെള്ള നിറത്തിലുള്ള ഈ മേശ ഇറ്റാലിയന്‍ ബീച്ച്വുഡിന്റെ ഒറ്റപ്പാളി ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. ഈ മേശയില്‍ സ്വര്‍ണവും പതിപ്പിച്ചിട്ടുണ്ട്. റഷ്യയെ കൂടാതെ തായ്ലന്‍ഡിലെയും ബ്രൂണെയിലെയും രാജകൊട്ടാരങ്ങളിലേക്കും പോളോന നിരവധി ഫര്‍ണീച്ചറുകള്‍ പണിതു നല്‍കിയിട്ടുണ്ട്. ഇറ്റലിയിലെ അമ്പതോളം പേര്‍ ജോലി ചെയ്യുന്ന ഓക്ക് എന്ന കമ്പനിയാണ് പോളോനയുടേത്. അദ്ദേഹത്തിന്റെ മുത്തച്ഛനാണ് ഈ കമ്പനി സ്ഥാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.