സൈനിക നീക്കം ഊര്‍ജിതമാക്കി റഷ്യ: സഖ്യകക്ഷികളുടെ സഹായം തേടി ഉക്രെയ്ന്‍; കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് കൂടുതല്‍ ലോക രാഷ്ട്രങ്ങള്‍

സൈനിക നീക്കം ഊര്‍ജിതമാക്കി റഷ്യ: സഖ്യകക്ഷികളുടെ സഹായം തേടി ഉക്രെയ്ന്‍; കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് കൂടുതല്‍ ലോക രാഷ്ട്രങ്ങള്‍

കാന്‍ബറ/ലണ്ടന്‍: ഉക്രെയ്നില്‍ റഷ്യ സൈനിക നീക്കങ്ങള്‍ തുടരുന്നതിനിടെ കടുത്ത നടപടികളുമായി ലോക രാജ്യങ്ങള്‍. അമേരിക്ക ആരംഭിച്ച സാമ്പത്തിക ഉപരോധ നടപടികള്‍ കൂടുതല്‍ രാജ്യങ്ങള്‍ ഏറ്റു പിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം റഷ്യയ്‌ക്കെതിരെ നടപടികള്‍ ആരംഭിച്ചു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് ബുധനാഴ്ച്ച ഉപരോധം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റഷ്യ ഉക്രെയ്നില്‍ നടത്തുന്ന സൈനിക നീക്കങ്ങളെ അദ്ദേഹം അപലപിച്ചു. ബാങ്കിങ്, ഗതാഗതം, ഊര്‍ജം, എണ്ണ, വാതകം, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയുടെ ഉപരോധം.

ഉക്രെയ്നിലെ അധിനിവേശത്തെ പിന്തുണയ്ക്കുന്ന റഷ്യന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓസ്ട്രേലിയയിലേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തും.

ഉക്രെയ്ന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രധാന രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. സ്വതന്ത്രമാക്കിയ ഡൊണറ്റ്ക്സ്, ലുഹാന്‍സ്‌ക് എന്നീ കിഴക്കന്‍ മേഖലകളില്‍ റഷ്യ സേനയെ വിന്യസിച്ചു.

'ഉക്രെയ്നിന്റെ അധിനിവേശം ആരംഭിച്ചുകഴിഞ്ഞു. ഇത് അനാവശ്യവും ന്യായീകരിക്കാനാകാത്തതുമാണ്. ഈ പ്രകോപനം അംഗീകരിക്കാനാകില്ല. ഭീഷണിപ്പെടുത്തുന്നവരെ പോലെയാണ് റഷ്യ പെരുമാറുന്നത്. ഓസ്‌ട്രേലിയ എപ്പോഴും ഇത്തരം ഭീഷണികള്‍ക്കെതിരേയാണ് നിലകൊള്ളുന്നത്' - സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. റഷ്യന്‍ ദേശീയ സുരക്ഷാ കൗണ്‍സിലിലെ എട്ട് അംഗങ്ങള്‍ക്ക് യാത്രാ വിലക്കും സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂറിനുള്ളില്‍ ഉക്രെയ്‌നില്‍ ഒരു പൂര്‍ണമായ അധിനിവേശം സംഭവിച്ചേക്കുമെന്ന് സ്‌കോട്ട് മോറിസണ്‍ മുന്നറിയിപ്പ് നല്‍കി. ഉപരോധത്തിനു പ്രതികാരമെന്ന നിലയില്‍ റഷ്യ ഓസ്‌ട്രേലിയയുടെ തന്ത്രപ്രധാന മേഖലകളില്‍
സൈബര്‍ ആക്രമണം നടത്തിയേക്കാമെന്ന് ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് മുന്നറിയിപ്പ് നല്‍കി.

സമാധാനപാലനത്തിനെന്ന പേരിലുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ സൈനിക നടപടിയില്‍ താക്കീതെന്ന പോലെ ബ്രിട്ടന്‍ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ അതിസമ്പന്നരുടെ ബ്രിട്ടനിലെ സമ്പാദ്യങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്.

അതിനിടെ, ഉക്രെയ്‌നിലെ വിമത മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപവും വ്യാപാരവും വിലക്കുന്ന ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഒപ്പിട്ടു. റഷ്യ ആക്രമണവുമായി മുന്നോട്ടു പോയാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ വിപുലമായ ഉപരോധങ്ങള്‍ ഉണ്ടാവുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും. ഉക്രെയ്ന്‍ പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം യു.എന്നില്‍ നിലപാട് വ്യക്തമാക്കിയ ഇന്ത്യ, റഷ്യന്‍ സൈനിക നീക്കത്തിനു ശേഷം ഔദ്യോഗിക പ്രതികരണം പുറപ്പെടുവിച്ചിട്ടില്ല.

2014 ല്‍ ഉക്രെയ്‌നില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് (എല്‍.പി.ആര്‍), ഡൊണെസ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് (ഡി.പി.ആര്‍) എന്നീ പേരുകള്‍ സ്വീകരിച്ച വിമത പ്രവിശ്യകളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ അംഗീകരിച്ചത് തിങ്കളാഴ്ചയാണ്. സ്ഥിതി നേരിടാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആഗോള സഖ്യകക്ഷികളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.