റഷ്യന്‍ പടയൊരുക്കം കൂടുതല്‍ ശക്തം: യുദ്ധ ഭീതിയേറി യൂറോപ്പ്; ഉക്രെയ്‌നില്‍ അടിയന്തരാവസ്ഥ

റഷ്യന്‍ പടയൊരുക്കം കൂടുതല്‍ ശക്തം: യുദ്ധ ഭീതിയേറി യൂറോപ്പ്; ഉക്രെയ്‌നില്‍ അടിയന്തരാവസ്ഥ

കീവ്: യുദ്ധസാഹചര്യം കനത്തതോടെ ഉക്രെയ്‌നില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. ഉക്രെയ്ന്‍ പ്രസിഡന്റിന്റെ ഉത്തരവ് പാര്‍ലമെന്റ് അംഗീകരിച്ചു. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍  ആക്രമണത്തിനെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും ഉക്രെയ്ന്‍ പാര്‍ലമെന്റ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഉക്രെയ്‌നില്‍ റഷ്യ പടയൊരുക്കം ശക്തമായി. അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം റഷ്യ രണ്ടു ലക്ഷമാക്കി. നിരവധി സൈനിക വാഹനങ്ങളും ഡസന്‍ കണക്കിന് ടെന്റുകളും ആയുധങ്ങളും തെക്കന്‍ ബെലാറസിലെ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ സജ്ജമാക്കിയതായുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തു വന്നു. കിഴക്കന്‍ ഉക്രെയ്ന്‍ മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. മേഖലയില്‍ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഏതു നിമിഷവും റഷ്യന്‍ ആക്രമണം ഉണ്ടായേക്കാമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. ചര്‍ച്ചക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രതികരിക്കുന്നില്ല. രാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാല്‍ സര്‍വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് പറഞ്ഞ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി റഷ്യന്‍ നീക്കത്തിനെതിരെ യു.എന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഉക്രെയ്ന്‍ പാര്‍ലമെന്റ്, സര്‍ക്കാര്‍, ബാങ്കിംഗ് വെബ്സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണവും ശക്തമായിട്ടുണ്ട്.

അതിനിടെ ഉക്രെയ്‌നിലെ നയതന്ത്ര പ്രതിനിധികളെ റഷ്യ ഒഴിപ്പിക്കുകയാണ്. കീവിലെ എംബസി, കാര്‍ക്കിവ് ഒഡേസ, ലിവ് കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളെയുമാണ് റഷ്യ ഒഴിപ്പിക്കുന്നത്. അതേസമയം മണിക്കൂറുകള്‍ക്കുള്ളില്‍ ഉക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ഉണ്ടായേക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. യുദ്ധമുണ്ടായാല്‍ ഉക്രെയ്‌ന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളെ തിങ്കളാഴ്ച രണ്ട് സ്വതന്ത്ര രാജ്യങ്ങളായി റഷ്യ അംഗീകരിച്ചിരുന്നു. ഇതിനിടെ ഉക്രെയ്‌ന്് പിന്തുണ പ്രഖ്യാപിച്ച യൂറോപ്യന്‍ യൂണിയന്‍, ബെലാറൂസ് വഴി ഉക്രെയ്‌നെ ആക്രമിക്കാനുള്ള റഷ്യന്‍ തന്ത്രം നടപ്പിലാക്കിയാല്‍ ബെലാറൂസിന് വിലക്ക് നേരിടേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. 27 യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി പത്ത് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്ക്കു ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാട് വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.