ബാര്‍ ഉടമകള്‍ക്ക് നികുതിയിളവ്; ഖജനാവിന് നഷ്ടം കോടികള്‍

ബാര്‍ ഉടമകള്‍ക്ക് നികുതിയിളവ്; ഖജനാവിന് നഷ്ടം കോടികള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന, ധനവകുപ്പ് ആദ്യം വിസമ്മതിച്ച ബാര്‍ ഉടമകളുടെ വിറ്റുവരവ് നികുതി അഞ്ച് ശതമാനമായി കുറച്ചു നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി.

കോവിഡ് കാലത്ത് ചെറുകിടവ്യാപാരികളെയോ മറ്റ് സാധാരണക്കാരുടെയോ നികുതിഭാരം കണ്ടില്ലെന്നും നടിച്ച തൊഴിലാളി സര്‍ക്കാരാണ് 'നിര്‍ധനരായ' പാവം ബാര്‍ മുതലാളിമാരുടെ 'കണ്ണീരിനു' മുന്നില്‍ ഇപ്പോൾ മുട്ടുമടക്കിയത്.

എഫ്‌എല്‍ത്രീ, എഫ്‌എല്‍ ടൂ ലൈസന്‍സുള്ള ബാറുകള്‍ക്കും ഷോപ്പുകള്‍ക്കും ആദ്യ ലോക്ഡൗണിനു ശേഷം 2020 മെയ് 22 മുതല്‍ 2020 ഡിസംബര്‍ 21 വരെയും രണ്ടാംഘട്ട ലോക്ഡൗണിനുശേഷം 2021 ജൂണ്‍ 15 മുതല്‍ 2021 സെപ്തംബര്‍ 25 വരെയുമുള്ള കാലയളവിലെ നികുതിയാണ് 10 ശതമാനത്തില്‍ നിന്നും അഞ്ചാക്കി കുറച്ചു നല്‍കിയത്.

നികുതി കുറച്ചു തരണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്ന ബാര്‍ ഉടമകളില്‍ ഭൂരിപക്ഷവും മദ്യവില്പനയുടെ വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള നികുതി രണ്ടുവര്‍ഷമായി അടച്ചിരുന്നില്ല. 1963 ലെ കേരള പൊതുവില്പന നികുതി നിയമനുസരിച്ചാണ് ബാര്‍ ഉടമകള്‍ നികുതി അടയ്‌ക്കേണ്ടത്. മദ്യത്തിന്റെ വില്പന എത്രയാണോ അതിന്റെ 10 ശതമാനം ടേണ്‍ഓവര്‍ നികുതിയായി അടയ്ക്കണം.

അതത് മാസത്തെ ക്രിയവിക്രയ വിവരങ്ങള്‍ അടുത്ത മാസം 10 ന് മുമ്പായി ഓണ്‍ലൈനിലൂടെ റിട്ടേണ്‍ ഫയല്‍ ചെയ്ത് അറിയിക്കുകയും വിറ്റുവരവിന്റെ പത്ത് ശതമാനം ഓണ്‍ലൈനിലൂടെ നികുതി ആയി അടയ്ക്കുകയും വേണമെന്നാണ് നിയമം. ബിവറേജസ് വഴിയുള്ള മദ്യവില്‍പ്പനയ്ക്ക് അഞ്ച് ശതമാനം മാത്രമാണ് നികുതി.

കോവിഡ് കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തങ്ങള്‍ക്കും നികുതി അഞ്ച് ശതമാനമാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകളുടെ സംഘടനാ നേതാവും തലസ്ഥാനത്തെ മന്ത്രിയുടെ അടുപ്പക്കാരനുമായ നേതാവ് നികുതി വകുപ്പ് കമ്മീഷണറെയും ധനവകുപ്പിനെയും സമീപിച്ചു. എന്നാല്‍ പ്രതിവര്‍ഷം കോടികളുടെ നികുതി നഷ്ടം വരുന്ന തീരുമാനത്തിന് ധനവകുപ്പ് ആദ്യം പച്ചക്കൊടി കാട്ടിയില്ല. ഇതോടെ ബാര്‍ ഉടമകള്‍ നികുതി അടയ്ക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയായിരുന്നു.

പ്രതിമാസ റിട്ടേണ്‍ ഫയല്‍ ചെയ്യാതെ നികുതി തുകയെന്നു കാണിച്ച്‌ ഒരു തുക ഡിഡിയായോ ചെക്കായോ നികുതി വകുപ്പില്‍ അടയ്ക്കുന്ന സമ്പ്രദായമാണ് ബാര്‍ ഉടമകള്‍ സ്വീകരിച്ചത്. ഭാവിയില്‍ നികുതി ഇളവ് ലഭിക്കുമെന്ന ഉറപ്പിലും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ വഴി തെരഞ്ഞെടുത്തത്. എന്നാൽ ഇപ്പോൾ ബാര്‍ ഉടമകള്‍ കാത്തിരുന്ന നികുതിയിളവിന് സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണ് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.