സൈനികമായി ഉക്രെയ്‌നെ സഹായിക്കില്ലെന്ന് നാറ്റോ

സൈനികമായി ഉക്രെയ്‌നെ സഹായിക്കില്ലെന്ന് നാറ്റോ

കീവ്: റഷ്യക്കെതിരേ തിരിച്ചടിക്കാന്‍ ഉക്രെയ്‌നെ സഹായിക്കുന്നതിനായി സൈന്യത്തെ അയയ്ക്കില്ലെന്നു നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍). സഖ്യകക്ഷി അല്ലാത്തതിനാല്‍ ഉക്രെയ്‌നെ സൈനികമായി സഹായിക്കാന്‍ കഴിയില്ല. പ്രശ്ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ അറിയിച്ചു. എന്നാല്‍ ഉക്രെയ്‌നെ പിന്തുണയ്ക്കുന്നതില്‍ നാറ്റോയിലെ അംഗ രാജ്യങ്ങള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും നാറ്റോ വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കാലത്ത്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്ക് എതിരെ ഒരു സൈനികനീക്കത്തിന് നാറ്റോയില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് മറ്റൊരു ലോകയുദ്ധത്തിന് വഴിവച്ചേനെ എന്നും വിദേശകാര്യവിദഗ്ധര്‍ നിരീക്ഷിക്കുന്നു. ആക്രമണം തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യുദ്ധത്തെ അപലപിക്കുന്നുണ്ടെങ്കിലും തിരികെ ആക്രമിക്കാനില്ല എന്നാണ് നാറ്റോയുടെ നിലപാട്.

സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോര്‍ട്ടുകളാണ് ഉക്രെയ്ന്‍-റഷ്യ തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ 50 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും ആറാമതൊരു റഷ്യന്‍ വിമാനം നശിപ്പിച്ചുവെന്നുമാണ് ഉക്രെയ്ന്‍ അവകാശപ്പെടുന്നത്.

'റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍': ഉക്രെയ്ന്‍ പ്രസിഡന്റ്

അതിനിടെ, യുദ്ധം അവസാനിപ്പിക്കാന്‍ ശബ്ദമുയര്‍ത്താന്‍ റഷ്യക്കാരോട് അവരുടെ ഭാഷയില്‍ അഭ്യര്‍ത്ഥിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുദ്ധമാരംഭിച്ചതിനുശേഷമുള്ള ആദ്യ അഭിസംബോധനയിലാണ് ഇത്തരമൊരു അഭ്യര്‍ത്ഥന അദ്ദേഹം നടത്തിയത്. ഞങ്ങള്‍ക്ക് യുദ്ധം വേണ്ട. റഷ്യക്കാര്‍ എന്നും സുഹൃത്തുക്കളാണ്. എന്തിനാണ് യുദ്ധമെന്ന് നിങ്ങള്‍ക്കറിയുമോ. ഈ യുദ്ധത്തിനൊരു കാരണം കണ്ടെത്താന്‍ കഴിയുമോ. ഞങ്ങള്‍ക്ക് സമാധാനം വേണം. ഉക്രൈന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രെയ്ന്‍ സൈനികരെ സഹായിക്കുന്നതിനായി ജനങ്ങളോട് ആശുപത്രികളിലെത്തി രക്തദാനം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു.

തങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധമല്ലെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും വ്യോമാക്രമണത്തോടെ റഷ്യ ഇന്ന് യുദ്ധം ആരംഭിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.