കീവ്: 'ഉക്രെയ്‌നില്‍ സുരക്ഷിതമായ സ്ഥലം എന്നൊന്നില്ലാതായി'- റഷ്യന്‍ ആക്രമണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ബിബിസിയുടെ ഉക്രെയ്‌നിലെ സര്‍വീസ് എഡിറ്റര്‍ മാര്‍ത്ത ഷൊകാളോ കീവില്‍ നിന്ന് പ്രതികരിച്ചു.'സൈനിക ലക്ഷ്യങ്ങള്‍ മാത്രമല്ല നശിപ്പിക്കപ്പെട്ടത്; രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെ ഫോട്ടോഗ്രാഫുകള്‍ ഞങ്ങളുടെ പക്കലുണ്ട്.' -അവര്‍ അറിയിച്ചു.
റഷ്യന്‍ ബോംബാക്രമണം രാജ്യത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. പോളിഷ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലിവിവില്‍ പോലും പരിസര പ്രദേശങ്ങളില്‍ പല തവണ ആക്രമണ സൂചന വന്നതോടെ സൈറണുകള്‍ മുഴങ്ങി.തന്റെ ഒരു സഹപ്രവര്‍ത്തകന് ബോംബ് ഷെല്‍ട്ടറില്‍ അഭയം തേടേണ്ടി വന്നു.
'അധിനിവേശം പ്രഖ്യാപിച്ചുള്ള വ്ളാഡിമിര്‍ പുടിന്റെ പ്രസംഗത്തെക്കുറിച്ച് ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് സന്ദേശം ലഭിച്ചപ്പോള്‍ ഞാന്‍ രാത്രി ഉണര്‍ന്നിരിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്‌ഫോടനങ്ങള്‍ ആരംഭിച്ചു. എന്റെ വീട്ടില്‍ നിന്ന് എനിക്ക് അതു കേള്‍ക്കാമായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അവരുടെ അടുത്ത് നടക്കുന്ന സ്ഫോടനങ്ങളെക്കുറിച്ച് സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. രാജ്യത്തിന്റെ കിഴക്കന്‍ മുന്‍നിരയല്ല, കീവ് തന്നെയാണ് ആക്രമണത്തിനിരയായതെന്ന് തിരിച്ചറിഞ്ഞത് വലിയ ഞെട്ടലുണ്ടാക്കി.'
'ഏകദേശം 30 മിനിറ്റോളം വരെ സ്‌ഫോടനങ്ങള്‍ നീളുന്നു.ഇവിടെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭയം വൈദ്യുതിയും ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കാതാകുന്നതാണ്. അപ്പോള്‍ നമ്മള്‍ ശരിക്കും ഒറ്റപ്പെടും. നഗരത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ വിഭജിച്ച് ഡൈനിപ്പര്‍ നദിക്ക് കുറുകെയുള്ള പാലങ്ങള്‍ ബോംബെറിഞ്ഞ് തകര്‍ക്കുമെന്നതാണ് മറ്റൊരു ഭയം.'
'എന്റെ 10 വയസ്സുള്ള മകനെ ഞാന്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഞങ്ങള്‍ കുറച്ച് പ്രഭാതഭക്ഷണം കഴിച്ചു, കഴിയുന്നത്ര ജനാലകളില്‍ നിന്ന് അകലെ മാറിയിരുന്ന്. പക്ഷേ അവന്‍ ഭയന്ന് ഛര്‍ദ്ദിച്ചു.അതോടെ ഞങ്ങള്‍ നിലവറയിലേക്ക് മാറി. ഒരു മെഴുകുതിരിയും കുറച്ച് വെള്ളവും എടുത്തു. കാര്യങ്ങള്‍ വഷളായാല്‍ അത് ഞങ്ങളുടെ തുടര്‍ന്നുള്ള അഭയ കേന്ദ്രമായിരിക്കും.
എന്റെ വീടിനടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുറത്തും എടിഎമ്മുകളിലും വലിയ ക്യൂ ആണുള്ളത്. എടിഎമ്മുകളില്‍ പലതിലും പണം തീര്‍ന്നു. പെട്രോള്‍ സ്റ്റേഷനുകളും പൂട്ടിത്തുടങ്ങി. രാജ്യം മുഴുവനും ആക്രമണത്തിനിരയാണെന്ന് അറിഞ്ഞതോട പരിഭ്രാന്തിയുടെ അന്തരീക്ഷമാണുള്ളത്.
നഗരത്തിന് പുറത്തുള്ള റോഡുകള്‍ ട്രാഫിക്കില്‍ തടസ്സപ്പെട്ടിരിക്കുന്നു. പക്ഷേ യാത്ര അപകടകരമാണ്.വാഹനങ്ങളുടെ നിര നീണ്ടതാണ്. സാവധാനം നീങ്ങുമ്പോള്‍, വീട്ടില്‍ നിന്ന് വളരെ ദൂരെ എത്തിയ ശേഷമാകാം ഇന്ധനം തീര്‍ന്നുപോകുന്നത്. ട്രെയിനുകള്‍ ഓടുന്നുണ്ട്, പക്ഷേ സീറ്റ് ലഭിക്കാന്‍ ശ്രമിക്കുന്നവരുടെ വലിയ തിരക്കാണ്. പ്രസിഡണ്ട് സെലെന്‍സ്‌കി കൊണ്ടുവന്ന പട്ടാള നിയമപ്രകാരം ഉക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചിരിക്കുന്നു.'
ആകാശത്തു നിന്നുള്ള ആക്രമണങ്ങളില്‍ നിന്നു രക്ഷ നേടാമെന്ന പ്രതീക്ഷയില്‍ ഒരു സഹപ്രവര്‍ത്തകന്‍ തന്റെ കുടുംബത്തെ കീവില്‍ നിന്ന് പുറത്തേക്കു കൊണ്ടുപോയെന്ന് മാര്‍ത്ത ഷൊകാളോ അറിയിച്ചു. നാട്ടിന്‍പുറങ്ങള്‍ നഗരത്തേക്കാള്‍ സുരക്ഷിതമായിരിക്കാമെന്നാണു പ്രതീക്ഷ. എന്നാല്‍ വടക്ക്, കിഴക്ക്, തെക്ക് എന്നിവിടങ്ങളില്‍ നിന്ന് ആക്രമണത്തിനിരയാകുന്ന ഒരു രാജ്യത്ത്, യഥാര്‍ത്ഥത്തില്‍ സുരക്ഷിതമായ ഒരു സ്ഥലമില്ല-അവര്‍ പരിതപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.