എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബ്ബാനക്രമത്തിനായി നിരാഹാരം തുടരുന്നു

എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബ്ബാനക്രമത്തിനായി നിരാഹാരം തുടരുന്നു

കൊച്ചി :എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബ്ബാനക്രമത്തിനായി അതിരൂപതാ സഭാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നിരാഹര സമരം മൂന്നു ദിനം കടക്കുമ്പോൾ സമരമുഖത്തേക്കു അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും വിശ്വാസികൾ ഒഴുകുന്നു. 82 വയസ്സുകാരനായ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ബ്രദർ മാവുരൂസ് തന്റെ ജീവൻ വരെ ഏകീകൃത കുർബാന അർപ്പണത്തിനായി നൽകും എന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരാഹാര സമരത്തിൽ പങ്കു ചേർന്നു. തെരുവ് മക്കൾക്ക് ആശ്രയമായി നില കൊള്ളുന്ന ബ്രദർ മാവുരൂസ് മരണശേഷം തന്റെ എല്ലാ അവയവങ്ങളും പാവങ്ങൾക്ക് നൽകണമെന്ന് അറിയിച്ചു കൊണ്ട് എറണാകുളം വില്ലേജ് ഓഫീസിൽ വിൽപത്രവും നൽകിയിട്ടുണ്ട്.

സത്യാഗ്രഹം നടത്തുന്ന ഈ സന്യാസിവര്യന്റെ ജീവൻ വളരെ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ ആദരവോടെ വിശ്വാസികൾകാണുകയും കേൾക്കുകയും അദ്ദേഹം ഉയർത്തുന്ന ആവശ്യങ്ങൾ അതിരൂപതാധികൃതർ പരിഗണിക്കുകയും ചെയ്യണമെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. വിശ്വാസികളുടെ പങ്കാളിത്തത്തോട് എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് അരങ്ങേറുന്ന നിരാഹാര സത്യാഗ്രഹത്തോട് തികഞ്ഞ നിഷേധാല്മക നിലപാടാണ് രൂപതനേതൃത്വം പുലർത്തുന്നതെന്ന് സമരത്തിനു നേതൃത്വം കൊടുക്കുന്ന അഡ്വ. മത്തായി മുതിരേന്തി അഭിപ്രായപ്പെട്ടു.

നിരാഹാര പ്രാർത്ഥനാ യജ്ഞത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു AKCC (അഖില കേരള കത്തോലിക്കാ കോൺഗ്രസ്‌ ), അതിരൂപത സമിതിയുടെ സംഘം സന്ദർശനം നടത്തിയിരുന്നു. ഫ്രാൻസിസ് മൂലൽ (പ്രസിഡന്റ്), സെബാസ്റ്റ്യൻ ചെന്നിക്കാട് (സെക്രട്ടറി), ശങ്കുരിക്കൽ തോമസ് (ട്രഷറർ)ബേബി ജോൺ പൊട്ടനാനി, വർഗ്ഗീസ് കോയിക്കര (പ്രസിഡണ്ട്‌, കാത്തലിക് ഫെഡറേഷൻ) എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. മേരി റാഫി (AKCC വൈ. പ്രസിഡന്റ്), ബെന്നി ആന്റണി, ജോസ് ആന്റണി, ബിനിൽ പടയാടാൻ, എം ഐ ദേവസ്സിക്കുട്ടി, ജോൺസൺ പാടയാറ്റിൽ, സജോ ജോൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ജീവന്റെ വില പരിഗണിച്ചാണ്  മാർ ആന്റണി കരിയിൽ അതിരൂപതയ്ക്ക്  മാർപ്പാപ്പയുടെ ആഹ്വാനം പാലിക്കുന്നതിൽ നിന്നും ഒഴിവു നൽകിയത് എങ്കിൽ ഇപ്പോൾ നിരാഹാരം കിടക്കുന്ന മൂന്നു പേരുടെ ജീവനും അതെ വില തന്നെ കൊടുക്കണമെന്ന് സഭാ സംരക്ഷണ സമിതിപ്രവർത്തകനും വചനപ്രഘോഷകനുമായ   ചെറിയാൻ കവലക്കൽ അഭ്യർത്ഥിച്ചു.

വൈക്കം സെന്റ് ജോസഫ്സ് ഫോറോനാ പള്ളി ഇടവകാംഗങ്ങൾ, ഉദയംപേരൂർ സെൻ്റ്.സെബാസ്റ്റ്യൻ കൊച്ചുപള്ളിയിൽ നിന്നുമുള്ള ഇടവക പ്രതിനിധികൾ, ആലങ്ങാട് സെന്റ് മേരീസ് പള്ളിയിലെ യുവജന പ്രതിനിധികൾ, ഫാ.ജോൺ തോട്ടുപുറം, ഫാ. സെലിസ്റ്റിൻ ഇഞ്ചക്കൽ എന്നിവർ എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തെ നിരാഹാര സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കണ്ണങ്കുന്നത്ത് ആശ്രമ ദേവാലയത്തിൽ സഭാ ഗാത്രത്തോടു ചേർന്ന് നിൽക്കാത്തവരുടെ മാനസാന്തരത്തിനായി ദിവ്യകാരുണ്യ ആരാധനയും അതിരൂപതാ  സഭാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.