കീവ്: യുദ്ധസാഹചര്യത്തില്‍ ഉക്രെയ്‌നിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ കൊടും ദുരിതത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. എംബസിയുടെ നിര്‍ദേശ പ്രകാരം പലരും സമീപത്തുള്ള ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടിയിരിക്കുകയാണ്. എന്നാല്‍ മതിയായ സൗകര്യം ഇല്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് മലയാളി വിദ്യാര്‍ഥിയായ ഔസഫ് ഹുസൈല്‍ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
'പലരുടേയും കൈയില്‍ ഭക്ഷണമോ വെള്ളമോ ഇല്ല. കൊടും തണുപ്പാണ്. പുതപ്പ് പോലുമില്ലാതെയാണ് പലരും കഴിയുന്നത്. മൊബൈല്‍ ഫോണിലെ ചാര്‍ജ് തീരാറുകുന്ന സാഹചര്യവുമുണ്ട്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല. ഏകദേശം നൂറിലധികം മലയാളികളാണ് ഇവിടെ മാത്രമുള്ളത്,'' ഔസഫ് വ്യക്തമാക്കി. കോവ എന്ന മെട്രോ സ്റ്റേഷനിലാണ് ഔസഫടക്കമുള്ളവരുള്ളതെന്നാണ് വിവരം.
മെട്രോ സ്റ്റേഷനില്‍ ആകെ രണ്ട് ശുചിമുറിയാണുള്ളത്. രണ്ടിനും വാതിലുകളില്ല. എല്ലാവരും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മൊബൈല്‍ ചാര്‍ജ് ചെയ്യാനാകെയുള്ളത് രണ്ട് സ്ലോട്ടുകള്‍ മാത്രമാണ്. അതിനായി നീണ്ട ക്യൂവും. മതിയായ ഭക്ഷണമില്ലാത്തതും പ്രതിസന്ധിയാണ്. പടിഞ്ഞാറന്‍ ഉക്രെയ്‌നിലേക്ക് യാത്ര ചെയ്യാന്‍ മാര്‍ഗമില്ല. റോഡ് മാര്‍ഗം യാത്ര ചെയ്യുന്നത് അപകടകരമാണെന്നും ഔസഫ് പറഞ്ഞു.
റഷ്യന്‍ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും സൈനികരും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.