പ്രണയം പൂവണിഞ്ഞില്ല; നഴ്‌സിംഗ് ഹോമില്‍നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 84കാരി മരിച്ചു; പിന്നാലെ വാഹനാപകടത്തില്‍ 80 കാരനും

പ്രണയം പൂവണിഞ്ഞില്ല; നഴ്‌സിംഗ് ഹോമില്‍നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 84കാരി മരിച്ചു; പിന്നാലെ വാഹനാപകടത്തില്‍ 80 കാരനും

പെര്‍ത്ത്: വാര്‍ധക്യത്തിലെ സാഹസിക പ്രണയത്തിലൂടെ പ്രശസ്തി നേടിയ വയോധികനും പങ്കാളിയും ഓസ്ട്രേലിയയില്‍ മരിച്ചു. ഒരുമിച്ചു ജീവിക്കാനായി, 84 വയസുകാരിയായ പ്രിയതമയെ നഴ്‌സിംഗ് ഹോമില്‍ നിന്ന് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ 80 വയസുകാരനാണ് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ മരണത്തിനു കീഴടങ്ങിയത്.

ഡിമെന്‍ഷ്യയും പാര്‍ക്കിസണ്‍സ് രോഗവും ബാധിച്ച പങ്കാളി കരോള്‍ ലിസ്ലെ മരിച്ച് 48 മണിക്കൂറിനു ശേഷമാണ് 80-കാരനായ റാല്‍ഫ് ടെറി ഗിബ്‌സ് ക്വീന്‍സ് ലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മേഴ്‌സി ഹെല്‍ത്തി ആന്‍ഡ് ഏജ്ഡ് കെയറില്‍ വച്ച് കരോള്‍ മരണപ്പെട്ടത്.

ബുധനാഴ്ച്ച പുലര്‍ച്ചെ ബ്രൂസ് ഹൈവേയിലൂടെ പോകുമ്പോഴാണ് ഗിബ്‌സിന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതെന്ന് ക്വീന്‍സ് ലന്‍ഡ് പോലീസ് അറിയിച്ചു. ഗിബ്‌സ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.


ഒരാഴ്ച്ച മുന്‍പ് പെര്‍ത്തിലെ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ശിക്ഷാവിധി കേട്ട് പുറത്തിറങ്ങിയ റാല്‍ഫ് ഗിബ്‌സ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നു.

ഓര്‍മ നഷ്ടപ്പെട്ട തന്റെ പ്രിയതമയെ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിനു സമീപമുള്ള മാണ്ടുര നഴ്‌സിംഗ് ഹോമില്‍നിന്ന് കടത്തിക്കൊണ്ടു പോയ സംഭവത്തിലാണ് റാല്‍ഫ് ടെറി ഗിബ്‌സ് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. നഴ്‌സിംഗ് ഹോമില്‍നിന്ന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടത്തിയ കരോളിനെ കാറില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തി കടത്തി ക്വീന്‍സ് ലന്‍ഡിലേക്കു കൊണ്ടു പോകാന്‍ നടത്തിയ ശ്രമമാണ് പ്രണയകഥയായി ആദ്യം പുറത്തുവന്നത്.

നാലായിരം കിലോമീറ്ററിലേറെ അകലെയുള്ള ഗിബ്‌സിന്റെ വീട്ടിലേക്കുള്ള യാത്ര വീല്‍ചെയറില്‍ ജീവിക്കുന്ന വയോധികയെ ഏറെ അവശയാക്കിയിരുന്നു. കൊടും ചൂടിനെ അവഗണിച്ച് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലൂടെ രണ്ടു ദിവസത്തോളം സഞ്ചരിച്ച ഇരുവരെയും നോര്‍ത്തേണ്‍ ടെറിട്ടറി അതിര്‍ത്തിയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ വച്ചാണ് പോലീസ് പിടികൂടിയത്. ഗിബ്‌സാണ് വാഹനം ഡ്രൈവ് ചെയ്തത്. രോഗബാധിതയായ ലിസ്ലെയെ മോശം കാലാവസ്ഥയും പ്രതികൂലമായി ബാധിച്ചു. രണ്ടു ദിവസമായി വസ്ത്രം പോലും മാറിയിരുന്നില്ല.


റാല്‍ഫ് ടെറി ഗിബ്‌സും കരോള്‍ ലിസ്ലെയും (ഫയല്‍ ചിത്രം)

ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലിസ്ലെയെ വിദഗ്ധ ചികിത്സയ്ക്ക് പെര്‍ത്തിലെ ആശുപത്രിയിലേക്ക് വിമാനത്തില്‍ കൊണ്ടു പോയി. ഇതിന് പിന്നാലെ വയോധികനെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് പെര്‍ത്തിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗിബ്‌സിന് പ്രതികൂലമായ വിധിയാണുണ്ടായത്. ലിസ്ലെയെ കാണുന്നതില്‍ വിലക്കും ഏഴു മാസത്തെ ജയില്‍ ശിക്ഷയും കോടതി വിധിച്ചു. ഈ നടപടി പിന്നീടു മരവിപ്പിച്ചിരുന്നു. ഒരാഴ്ച്ച മുന്‍പാണ് പെര്‍ത്തിലെ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ദമ്പതികള്‍ മരിച്ചു.

കരോളിനോടുള്ള സ്‌നേഹം മൂത്താണ് ഗിബ്‌സ് ഇങ്ങനെ ചെയ്തതെങ്കിലും അത്യന്തം അപകടകരമായ പ്രവൃത്തിയെന്നാണ് മജിസ്‌ട്രേറ്റ് ഈ സാഹസത്തെ വിശേഷിപ്പിച്ചത്. ഇനി മേലില്‍ കരോളിനെ കാണാന്‍ ശ്രമിക്കരുതെന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് കരോളിനോട് കടുത്ത പ്രണയമാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി നഴ്‌സിംഗ് ഹോമില്‍നിന്നു പുറത്തുകൊണ്ടു വരാന്‍ ശ്രമിച്ചുവരികയായിരുന്നുവെന്നുമാണ് ഗിബ്‌സ് അന്ന് കോടതിക്കു പുറത്തുവച്ചു പറഞ്ഞത്. ഓര്‍മശേഷി നഷ്ടപ്പെട്ട കരോള്‍ ഇനി അധികനാള്‍ ജീവിച്ചിരിക്കില്ലെന്നും അതുവരെ ഒരുമിച്ചു ജീവിക്കണമെന്നുമുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചിരുന്നു.

കൂടുതല്‍ വായനയ്ക്ക്‌:

പ്രണയത്തിനു പ്രായമില്ല; നഴ്സിംഗ് ഹോമില്‍നിന്ന് 84-കാരിയായ പങ്കാളിയെ തട്ടിക്കൊണ്ടുപോയ എണ്‍പതുകാരന്‍ അറസ്റ്റില്‍



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.