കീവ്: മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ചുംബനം നല്‍കി യാത്രയാക്കുന്ന ഒരച്ഛന്റെ ചിത്രവും വീഡിയോയും യുദ്ധ ഭൂമിയിലെ കണ്ണീര്‍കാഴ്ചയായി. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ ചേര്‍ത്തു വച്ച് വിങ്ങിപ്പൊട്ടുകയാണ് ഈ പിതാവ്. റഷ്യയുടെ ആക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഉക്രെയ്നില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
മകളെ സുരക്ഷിത സ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യം സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ് ഈ അച്ഛന്‍. അച്ഛനെ വിട്ടുപിരിയുന്ന ദുഃഖത്താല്‍ മകളും കരയുന്നുണ്ട്.
മകളെ ബസില്‍ കയറ്റിവിടുന്നതിന് തൊട്ടുമുന്‍പുള്ളതാണ് ഈ വീഡിയോ. മകള്‍ ബസില്‍ കയറിയതിന് പിന്നാലെ അവര്‍ ഇരിക്കുന്ന സീറ്റിന്റെ ചില്ലിലേക്ക് പുറത്തുനില്‍ക്കുന്ന പിതാവ് വലതുകൈപ്പത്തി ചേര്‍ത്തുവെക്കുന്നതും കാണാം.
റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ പുരുഷന്മാര്‍ക്ക് ആയുധം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബോംബ് ഷെല്‍റ്ററില്‍ നവജാത ശിശുക്കള്‍
കിഴക്കന്‍ ഉക്രെയ്‌നിലെ കുട്ടികളുടെ ആശുപത്രിയിലെ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍നിന്ന് നവജാതശിശുക്കളെ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ബോംബ് ഷെല്‍റ്റര്‍ കേന്ദ്രത്തിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
യുദ്ധം ആളുകളുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് സംസാരിക്കുന്ന ഈ ഹൃദയഭേദകമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിരനിരയായി വിവിധ വര്‍ണങ്ങളിലുള്ള പുതപ്പില്‍ പൊതിഞ്ഞ് സുരക്ഷിതരാക്കി കുഞ്ഞുങ്ങളെ കിടത്തിയിരിക്കുന്നു. യുദ്ധത്തിന്റെ ഭയമേതുമില്ലാതെ പുഞ്ചിരിയോടെ കുഞ്ഞുങ്ങളെ പരിചരിക്കുന്ന നഴ്‌സ്.
'ഒരു ബോംബ് ഷെല്‍ട്ടറില്‍ എന്‍.ഐ.സി.യു. നിനക്ക് സങ്കല്‍പ്പിക്കാനാകുമോ?' ആശുപത്രിയിലെ നവജാത ശിശു വിഭാഗം മേധാവി ഡോ. ഡെന്നിസ് സര്‍കോവ് പറയുന്നു. ഇതാണ് ഇവിടുത്തെ യഥാര്‍ഥ അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡിനിപ്രോയിലെ കുട്ടികളുടെ ആശുപത്രിയുടെ ഇടനാഴികള്‍ വിജനമായ നിലയില്‍
വലിയ രീതിയിലുള്ള ആക്രമണങ്ങളോ സ്‌ഫോടനമോ ഉണ്ടാകുമ്പോഴാണ് ഇത്തരത്തില്‍ തീവ്ര പരിചരണ വിഭാഗം മാറ്റുന്നത്. ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലമായ ഡനിപ്രോ നഗരം റഷ്യന്‍ മിസൈലുകളുടെ പരിധിയില്‍ വരുന്നതാണ്. അതിനാലാണ് ആശുപത്രിയുടെ ബേസ്മെന്റിലെ ഒരു സ്റ്റോറേജ് മുറി തയാറാക്കിയെടുത്ത് കുഞ്ഞുങ്ങളെ മാറ്റിയത്. എന്ത് ചെയ്യണമെന്നറിയാതെ പേടിയും ആശങ്കയുമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കീവ് മെട്രോ സ്റ്റേഷനില്‍നിന്നുള്ള ഒരു ചിത്രവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഒരു യുവാവും യുവതിയും മുഖാമുഖം നില്‍ക്കുന്ന ചിത്രമാണിത്. എ.എഫ്.പി. ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. യുദ്ധം സൃഷ്ടിച്ച പലായനത്തിന്റെ ഭീതി വെളിവാക്കുന്ന മറ്റു ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.
യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ മരണഭയം പേറി ഉറ്റവരെ ചേര്‍ത്തുപിടിക്കുന്ന കാഴ്ച്ചകളാണ് ഉക്രെയ്‌നിലെങ്ങും. കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളാണ് ചുറ്റും. ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന ജനങ്ങള്‍. യുദ്ധം എന്ന് അവസാനിക്കുമെന്നോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നവര്‍. രാജ്യത്തിനു വേണ്ടി പോരാടാന്‍ സൈനികരെ യാത്രയാക്കുന്ന കുടുംബാംഗങ്ങള്‍. റഷ്യയ്ക്കു മുന്നില്‍ മുട്ടുമടക്കാതെ പോരാടുന്ന ഉക്രെയ്‌നിലെ കാഴ്ച്ചകള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.