വത്തിക്കാന്‍ സന്ദര്‍ശനം റദ്ദാക്കി; ഉക്രെയ്ന്‍ ആര്‍ച്ച് ബിഷപ്പ് മാതൃരാജ്യത്ത് തുടരും

വത്തിക്കാന്‍ സന്ദര്‍ശനം റദ്ദാക്കി; ഉക്രെയ്ന്‍ ആര്‍ച്ച് ബിഷപ്പ് മാതൃരാജ്യത്ത് തുടരും

കീവ്: ഉക്രെയ്ന്‍-റഷ്യ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ വത്തിക്കാന്‍ യാത്ര റദ്ദാക്കി മാതൃരാജ്യത്ത് ജനങ്ങള്‍ക്കൊപ്പം നിലകൊണ്ട് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്.

ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുന്ന ബിഷപ്പുമാരുടെ യോഗത്തിനായി മധ്യ ഇറ്റലിയിലെ ഫ്‌ളോറന്‍സിലേക്ക് പോകാനിരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. എന്നാല്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തുടരുകയായിരുന്നു. റഷ്യന്‍ ആക്രമണം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് കീവ്. ഏകദേശം മൂന്നു ദശലക്ഷം ആളുകളാണ് കീവില്‍ താമസിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് വ്യോമാക്രമണത്തിലൂടെ റഷ്യ ഉക്രെയ്നില്‍ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. പൗരന്മാര്‍ പലായനം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ അഭയം പ്രാപിച്ചവരുമുണ്ട്. കീവില്‍ നിരന്തരം വ്യോമാക്രമണ മുന്നറിയിപ്പുകള്‍ മുഴങ്ങുകയാണ്.

നിലവിലെ യുദ്ധസാഹചര്യത്തില്‍ രാജ്യത്ത് തന്റെ സാന്നിധ്യം ആവശ്യമാണെന്ന് ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ ഗ്വാള്‍ട്ടിറോ ബാസെറ്റിക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

'ഉക്രേനിയക്കാര്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യം മുഴുവന്‍ ഒരു മരണ ക്യാമ്പായി മാറുമോ എന്ന ആശങ്കയും ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക് കത്തില്‍ പങ്കുവയ്ക്കുന്നു.

കത്തില്‍ ഉക്രെയ്ന്‍ ജനതയ്ക്കു വേണ്ടിയുള്ള പിന്തുണയും പ്രാര്‍ത്ഥനയും ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. ഇവിടുത്തെ ജനങ്ങള്‍ ലോകം മുഴുവനുമുള്ള മനുഷ്യരാശിയോടു നിലവിളിക്കുകയാണ്. ഉക്രെയ്‌നിലും യൂറോപ്പിലും സമാധാനം നിലനിര്‍ത്താന്‍ ഞങ്ങളെ സഹായിക്കണം.

കീവിലെ കത്തീഡ്രലില്‍ വ്യോമാക്രമങ്ങളെ പ്രതിരോധിക്കുന്ന ഷെല്‍ട്ടറിലാണ് ആര്‍ച്ച് ബിഷപ്പ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'കീവ് നഗരത്തില്‍ റഷ്യന്‍ സൈന്യം അതിശക്തമായ ആക്രമണമാണ് നടത്തുന്നത്. അതിനാല്‍ മാര്‍പാപ്പയുടെ അനുഗ്രഹത്തിനായി ഇറ്റലിയില്‍ എത്തിച്ചേരാനാകില്ല. റഷ്യ നടത്തുന്ന അന്യായമായ ആക്രമണത്തില്‍ നിന്ന് ഉക്രെയ്നെ സംരക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കണം.

ഉക്രെയ്‌നിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം മുറിവേറ്റ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതിലാണ് ഇപ്പോള്‍ മുന്‍ഗണന. ഈ ഭയാനക നിമിഷങ്ങളില്‍ കര്‍ത്താവ് നമ്മോടൊപ്പമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.