കീവിന്റെ പതനം ആസന്നം: ഉക്രെയ്ന്‍ പ്രസിഡന്റ് ബങ്കറില്‍; ജനവാസ കേന്ദ്രങ്ങളിലും ആക്രമണം

കീവിന്റെ പതനം ആസന്നം: ഉക്രെയ്ന്‍ പ്രസിഡന്റ് ബങ്കറില്‍; ജനവാസ കേന്ദ്രങ്ങളിലും ആക്രമണം

കീവ്: അധിനിവേശത്തിന്റെ രണ്ടാം ദിവസം ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലും റഷ്യന്‍ സേന എത്തിയതോടെ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റി. കനത്ത നാശനഷ്ടങ്ങളാണ് റഷ്യന്‍ സേന ഉക്രെയ്‌നില്‍ വിതയ്ക്കുന്നത്. റഷ്യന്‍ സൈന്യം പാര്‍ലമെന്റ് കീഴടക്കും എന്ന് ഉറപ്പായതോടെയാണ് സെലന്‍സ്‌കിയെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയത്. ഉക്രെയ്‌നുമായി ചര്‍ച്ച നടത്താന്‍ മോസ്‌കോ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വെള്ളിയാഴ്ച പറഞ്ഞു. എന്നാല്‍ ഇതിന് ഉക്രെയ്ന്‍ സൈന്യം ആയുധം താഴെവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍ ഭരിക്കാന്‍ 'നവ-നാസികളെ' അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കീവിലെ ഒബലോണ്‍ ജില്ലയിലാണ് റഷ്യന്‍ സേന പ്രവേശിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന് ഒന്‍പത് കിലോമീറ്റര്‍ അടുത്ത് റഷ്യന്‍ സൈന്യമെത്തിയെന്നാണ് വിവരം. ഒബലോണില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. തലസ്ഥാന നഗരത്തില്‍ നിന്ന് വെറും 20 മൈല്‍ ദൂരെയാണ് റഷ്യന്‍ സൈന്യം ഇപ്പോഴുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം ശക്തമാണ്. ജനവാസ കേന്ദ്രങ്ങള്‍ക്കുള്ളില്‍ കൂടിയാണ് റഷ്യയുടെ സൈനിക ടാങ്കുകള്‍ മുന്നേറുന്നത്. കീവിനെ സംരക്ഷിക്കാന്‍ പോരാടുകയാണെന്ന് ഉക്രെയ്ന്‍ സേന വ്യക്തമാക്കി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടു.

കീവില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. സാംസ്‌കാരിക നഗരമായ ഒഡേസയില്‍ വ്യോമാക്രമണവും സപ്പരോസിയില്‍ മിസൈല്‍ ആക്രമണവും റഷ്യ നടത്തി. ബ്രോവറിയിലെ സൈനിക താവളത്തിന് നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നാറ്റോ ടെറിട്ടറിക്ക് 25 മൈല്‍ അകലെ സ്‌നേക്ക് ഐലന്‍ഡില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന 13 ഉക്രെയ്ന്‍ സൈനികരെ റഷ്യ വധിച്ചു. റഷ്യന്‍ യുദ്ധക്കപ്പലാണ് ഇവര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് സെലന്‍സ്‌കി പറഞ്ഞു.

ഉക്രെയ്‌ന്റെ 14 നഗരങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ കനത്ത നാശമാണ് സംഭവിച്ചത്. തെക്കുകിഴക്കന്‍ കീവില്‍ ഒമ്പതു നില കെട്ടിടത്തിന് മുകളില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണു. വെടിവെച്ചിട്ടതാണെന്ന് ഉക്രെയ്ന്‍ സേന അവകാശപ്പെട്ടു. രണ്ട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. കീവില്‍ റഷ്യന്‍ സേന നടത്തിയ വെടിവെപ്പില്‍ അമ്മയും കുട്ടികളും കൊല്ലപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ ബങ്കറുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്.

തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ട് ഉക്രെയ്ന്‍ ജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്യുകയാണ്. റഷ്യക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്യാനുള്ള ഉത്തരവ് ഉക്രെയ്ന്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. യുദ്ധത്തിനെതിരെ പ്രസിഡന്റ് സെലന്‍സ്‌കി വീണ്ടും അന്താരാഷ്ട്ര സഹായം തേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.