കീവ് വളഞ്ഞ് റഷ്യന്‍ സേന; ഉക്രെയ്‌നില്‍ സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്ത് പുടിന്‍

കീവ് വളഞ്ഞ് റഷ്യന്‍ സേന; ഉക്രെയ്‌നില്‍ സൈനിക  അട്ടിമറിക്ക് ആഹ്വാനം ചെയ്ത് പുടിന്‍

മോസ്‌കോ: രാജ്യത്ത് പട്ടാള അട്ടിമറി നടത്താന്‍ ഉക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് തന്ത്രപ്രധാനമായ ആന്റനോവ് അന്താരാഷ്ട്ര വിമാനത്താവളവും പിടിച്ചെടുത്ത് റഷ്യന്‍ സേന മുന്നേറുന്നതിനിടെയാണ് ഉക്രെയ്ന്‍ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിക്കാന്‍ പുടിന്‍ ആഹ്വാനം ചെയ്തത്. വൊളിഡിമിര്‍ സെലന്‍സ്‌കിയെ പുറത്താക്കി തങ്ങള്‍ക്ക് താത്പര്യമുള്ള സര്‍ക്കാരിനെ അധികാരത്തിലേറ്റുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് റഷ്യ. ബലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പുടിന്റെ പ്രഖ്യാപനവും ഉണ്ടായി. ഒരു ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന്‍ പട്ടാള അട്ടിമറിക്ക് ആഹ്വാനം നല്‍കിയത്.

ഉക്രെയ്ന്‍ ഭരിക്കുന്നത് ഭീകരരാണെന്ന് പുടിന്‍ പറഞ്ഞു. 'ലഹരിക്കടിമകളായ നിയോനാസികളാണ് അവര്‍. ഉക്രെയ്‌നിലെ സൈനികരോട് ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ അധികാരം കയ്യിലെടുക്കൂ. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാന്‍ ഉക്രെയ്‌നിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുത്-പുടിന്‍ ആഹ്വാനം ചെയ്തു.

പൊതുജനങ്ങള്‍ക്ക് ആയുധം നല്‍കി സൈന്യത്തെ ദുര്‍ബലമാക്കുന്ന സര്‍ക്കാരിനെ പുറത്താക്കണം. സൈന്യം അധികാരമേറ്റാല്‍ സമാധാന ചര്‍ച്ചകള്‍ സുഗമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, കീവ് വിട്ടുകൊടുക്കാതെ സൈന്യം പോരാടുമെന്ന് ആക്രമണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ബങ്കറില്‍ അഭയം തേടിയ സെലന്‍സ്‌കി അവകാശപ്പെട്ടു. പെട്രോള്‍ ബോംബുകളുമായി റഷ്യന്‍ സൈന്യത്തെ ചെറുക്കാന്‍ ജനങ്ങളോട് പ്രസിഡന്റ് സെലന്‍സ്‌കി ആഹ്വാനം ചെയ്തു. 18,000 തോക്കുകള്‍ പൗരന്മാര്‍ക്കു കൈമാറിയിട്ടുണ്ട്.

സൈനിക സഹായം നല്‍കാതെ യുറോപ്പും യു.എസും കൈയൊഴിഞ്ഞെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തുകയും ചെയ്തു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. നാറ്റോ നേതാക്കള്‍ വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഉക്രെയിന്‍ സ്ഥിതി വിലയിരുത്തി.

മുപ്പതു ലക്ഷം ജനസംഖ്യയുള്ള കീവിലേക്ക് വ്യോമ, മിസൈല്‍, പീരങ്കി ആക്രമണങ്ങളുമായാണ് റഷ്യന്‍ മുന്നേറ്റം. സിവിലിയന്മാരുള്‍പ്പെടെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒബലോന്‍സ്‌കിയില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായി. ഹൈവേകളിലും അപ്പാര്‍ട്ടുമെന്റുകളുടെ ഇടവഴികളിലും പോരാട്ടം നടക്കുകയാണ്.

ഇന്നലെ നാല്‍പ്പതിലേറെ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളാണ് നഗരത്തിലേക്ക് പ്രയോഗിച്ചത്. റഷ്യയുടെ യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ച കവചിത വാഹനങ്ങളും പീരങ്കികളും നഗരവീഥികളിലൂടെ നീങ്ങുന്നുണ്ട്. ഉക്രെയ്‌ന്റെ ഒരു സുഖോയ്-27 യുദ്ധവിമാനത്തെ റഷ്യന്‍ മിസൈല്‍ തകര്‍ത്തു.

റഷ്യന്‍ പാരാട്രൂപ്പര്‍മാരുടെ നിയന്ത്രണത്തിലായിരുന്ന ഗോസ്തോമെല്‍ വ്യോമത്താവളം ഉക്രെയിന്‍ തിരിച്ചു പിടിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. എങ്കിലും നഗരം ഏതു നിമിഷവും റഷ്യന്‍ സേന പിടിച്ചെടുക്കുന്നതിലേക്ക് നീങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.