ഉക്രെയ്ന്‍ അധിനിവേശം: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് റഷ്യ; വിട്ടു നിന്ന് ഇന്ത്യയും ചൈനയും

ഉക്രെയ്ന്‍ അധിനിവേശം: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് റഷ്യ; വിട്ടു നിന്ന് ഇന്ത്യയും ചൈനയും

ന്യൂയോര്‍ക്ക്: ഉക്രെയ്ന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു.
15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഉക്രെയ്നിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു പ്രമേയം. അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.

യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും യുഎന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും യുഎന്നിലെ ചൈനീസ് പ്രതിനിധി ഷാങ് ജുന്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ സുരക്ഷ മറ്റ് രാജ്യങ്ങളുടെ സുരക്ഷയെ തുരങ്കം വയ്ക്കാന്‍ കഴിയില്ല. ഉക്രെയ്ന്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമായി മാറണമെന്നും ചൈന ആവശ്യപ്പെട്ടു.

ഉക്രെയ്നിലെ സമീപകാല സംഭവവികാസങ്ങളില്‍ രാജ്യം കടുത്ത അസ്വസ്ഥതയിലാണെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി കൗണ്‍സില്‍ യോ​ഗത്തില്‍ പറഞ്ഞു. മനുഷ്യന്റെ ജീവന്‍ പണയപ്പെടുത്തി ഒരു പരിഹാരവും ഒരിക്കലും കണ്ടെത്താനാവില്ല. ഭിന്നതകളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു ഉത്തരം ചര്‍ച്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.