ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്ത് കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തകനും. ശമനമില്ലാതെ തുടരുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും ആകെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. പലയിടങ്ങളിലും ആളുകളെ മാറ്റി പാര്‍പ്പിച്ചു. നദികളുടെയും അരുവികളുടെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്കമുള്ള റോഡുകളില്‍ വാഹനമോടിക്കരുതെന്നും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നും പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ കാലാവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.
ക്യൂന്‍സ് ലന്‍ഡില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍പെട്ട് ഒരു സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വോളണ്ടിയര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഒരാളെ കാണാതെയായി.
ഇപ്‌സ്‌വിച്ചിലെ ഒരു വീട്ടില്‍ വെള്ളം കയറിയ നിലയില്‍
രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വോളണ്ടിയര്‍ മെറില്‍ ഡ്രേ (62) മരിച്ചതെന്ന് ക്വീന്‍സ് ലന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് (ക്യുഎഫ്ഇഎസ്) ഗ്രെഗ് ലീച്ച് പറഞ്ഞു.
ഇപ്‌സ്‌വിച്ചിന് സമീപം മെറില്‍ ഡ്രേ ഉള്‍പ്പെടെ നാലു പേര്‍ സഞ്ചരിച്ച വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് എസ്ഇഎസ് വോളണ്ടിയര്‍മാരെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വോളണ്ടിയര്‍മാര്‍ മറ്റുള്ളവരുടെ ജീവനാണ് സ്വന്തം ജീവിതത്തേക്കാള്‍ വില കല്‍പ്പിക്കുന്നതെന്നും ഇതു സങ്കടകരമായ അവസ്ഥയാണെന്നും ക്വീന്‍സ്ലന്‍ഡ് എമര്‍ജന്‍സി സര്‍വീസ് മന്ത്രി മാര്‍ക്ക് റയാന്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച ജിംപിക്ക് സമീപമുള്ള ഗൂംബൂരിയനില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം മുങ്ങിയതിനെതുടര്‍ന്ന് കാണാതായ 37 വയസുകാരന്റെ മൃതദേഹം വ്യാപകമായ തിരച്ചിലിനൊടുവില്‍ പോലീസ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ 3.20-നാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ബ്രിസ്ബനിലെ സ്റ്റോണ്‍സ് കോര്‍ണറില്‍ 55 വയസുള്ള ഒരാളുടെ മൃതദേഹവും വെള്ളത്തില്‍ നിന്ന് വീണ്ടെടുത്തു.
ബ്രിസ്ബന്റെ വടക്ക് ജിംപിയില്‍ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2011-ലും 2013-ലുമുണ്ടായ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ വെള്ളപ്പൊക്കമാണ് ഇപ്പോഴുണ്ടായത്.
പോലീസും സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസും ഒഴിപ്പിക്കല്‍ തുടരുകയാണ്. ഇതിനകം സംസ്ഥാനത്ത് വെള്ളപ്പൊക്കം 700 പേരെ ബാധിച്ചതായി ക്വീന്‍സ്ലാന്‍ഡ് പ്രീമിയര്‍ അന്നാസ്റ്റാസിയ പാലസ്സുക്ക് പറഞ്ഞു.
ക്വീന്‍സ് ലന്‍ഡിലെ 20 പുനരധിവാസ കേന്ദ്രങ്ങളിലായി 500 ആളുകള്‍ കഴിയുന്നുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ കോര്‍ഡിനേറ്റര്‍ സ്റ്റീവ് ഗോള്‍ഷെവ്‌സ്‌കി പറഞ്ഞു.
പുനരധിവാസ കേന്ദ്രങ്ങളില്‍ പോകേണ്ടവര്‍ ഓണ്‍ലൈനായി ഏറ്റവും അടുത്തുള്ളത് എവിടെയാണെന്ന് കണ്ടെത്തി അങ്ങോട്ട് മാറിത്താമസിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലോഗന്‍, സണ്‍ഷൈന്‍ കോസ്റ്റ്, ആല്‍ബര്‍ട്ട് നദിക്കു സമീപം, മേരിബറോ എന്നിവിടങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷകരുടെ മുന്നറിയിപ്പ്.
തെക്ക് കിഴക്കന്‍ ക്യൂന്‍സ് ലന്‍ഡില്‍ ആയിരത്തോളം റോഡുകള്‍ അടച്ചിട്ടുണ്ടെന്ന് പ്രീമിയര്‍ പറഞ്ഞു. വെള്ളപ്പൊക്കമുള്ള റോഡുകളില്‍ വാഹനമോടിക്കാന്‍ ശ്രമിക്കരുതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.
ബ്രിസ്ബന്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ മാത്രമാണു പ്രവര്‍ത്തനക്ഷമം. ഗോള്‍ഡ് കോസ്റ്റിലെയും സണ്‍ഷൈന്‍ കോസ്റ്റിലെയും എല്ലാ ബീച്ചുകളും അടച്ചു.
ജിംപി, മോറെട്ടണ്‍ ബേ, സണ്‍ഷൈന്‍ കോസ്റ്റ്, ടൂവൂംബ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
റോഡില്‍ വെളളം കയറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും വാഹന ഗതാഗത തടസപ്പെട്ടു. മേഖലയിലെ മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രിസ്ബന്റെ വടക്കന്‍ മേഖലകളിലും സണ്‍ഷൈന്‍ കോസ്റ്റിലും ഒരു മണിക്കൂറിനുള്ളില്‍ 170 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഹാരി ക്ലാര്‍ക്ക് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.