പ്രണയം നിറച്ച് വീടിനുള്ളില്‍ സ്വപ്‌നക്കൂട് തീര്‍ക്കാം

പ്രണയം നിറച്ച് വീടിനുള്ളില്‍ സ്വപ്‌നക്കൂട് തീര്‍ക്കാം

പ്രണയവും ഇണക്കവും പിണക്കവും പ്രതീക്ഷകളും എല്ലാം ഇഴ ചേരുമ്പോഴാണ് വീട് വീടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു കെട്ടിടം മാത്രമാകും. ഓരോ വീടും മനോഹരമാകുന്നത് ഊഷ്മളമായ നിമിഷങ്ങള്‍ കൊണ്ട് വീടനകം നിറയുമ്പോഴാണ്. പങ്കാളികള്‍ പരസ്പരം പ്രണയം പങ്കുവെച്ചുകൊണ്ട് ജീവിക്കുമ്പോള്‍ ചുവരുകളില്‍ പോലും പ്രണയം വിടരും മനോഹരമായ ഒരു പ്രണയ ഗാനം കാതില്‍ മുഴങ്ങുന്നതുപോലെ തോന്നും.

ജീവിതം ഇങ്ങനെയാണെങ്കില്‍ എത്ര മനോഹരമാകും അല്ലെ? പുതുമ നഷ്ടപ്പെടാതെ ജീവിതം ആസ്വദിക്കാന്‍ ഓരോ നിമിഷവും പ്രണയം നിറയ്ക്കാം. ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് ശക്തി പകരാന്‍ ഇടയ്‌ക്കെങ്കിലും ഇങ്ങനെയെല്ലാം ചെയ്യണം, പ്രത്യേകിച്ച് വിശേഷ അവസരങ്ങളില്‍. എങ്ങനെയാണ് ജീവിതം അത്രമേല്‍ പ്രണയപൂര്‍വമാക്കുന്നതെന്ന് നോക്കാം.

ദിവസം നന്നായി തുടങ്ങാം:

ഒരു ദിവസം നന്നായി ആരംഭിക്കുകയാണെങ്കില്‍ ആ ദിവസം മുഴുവന്‍ പ്രസരിപ്പുള്ളതാകും. അതുകൊണ്ട് തന്നെ രാവിലെ ഉണര്‍ന്ന ഉടന്‍ നിങ്ങളുടെ പങ്കാളിയ്ക്ക് നല്ലൊരു ചുംബനം നല്‍കൂ. ഉറക്കത്തിനിടെ അവര്‍ അറിഞ്ഞില്ലെങ്കില്‍ പോലും നിങ്ങളുടെ ഉള്ളില്‍ മനോഹരമായ ഒരു പ്രകമ്പനമുണ്ടാക്കും. ശേഷം ഒരു ചൂട് കോഫി നല്‍കിക്കൊണ്ട് അവരെ നിങ്ങളുടെ പ്രണയ ലോകത്തേക്ക് ഉണര്‍ത്താം.

സമൃദ്ധമായൊരു ബ്രെക്ഫാസ്റ്റ്:

സാധാരണ ദിവസങ്ങളിലേത് പോലെയല്ല, നിങ്ങളില്‍ സ്‌നേഹം നിറഞ്ഞു കവിയുമ്പോള്‍ അത് എല്ലാ വിധത്തിലും പ്രകടിപ്പിക്കണം. നിങ്ങളുടെ പങ്കാളിയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങളൊരുക്കി ഒരു മികച്ച പ്രഭാത ഭക്ഷണം നല്‍കുന്നതിലൂടെയും നിങ്ങളുടെ പ്രണയം പകരാം. ആരോഗ്യകരവും രുചികരവുമായ പ്രഭാത ഭക്ഷണം ഒരുമിച്ച് പങ്കിട്ടുകൊണ്ട് ആ ദിവസം ആരംഭിക്കാം.

ചുവപ്പ് പരക്കട്ടെ:

പ്രണയത്തിന്റെ നിറം ചുവപ്പാണ്. അത്രയും തീവ്രമായതുകൊണ്ടാവാം ചുവപ്പ് പ്രണയ നിറം ആയത്. നിങ്ങളുടെ പ്രണയം പങ്കാളിയെ അറിയിക്കാന്‍ ചുവന്ന നിറത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങളുടെ വീടകം മനോഹരമാക്കാം. ഈ നിറത്തിലുള്ള അതിമനോഹരമായ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതും നിങ്ങളുടെ ദിവസം മനോഹരമാക്കും.

പൂക്കളിലൂടെ പ്രണയം നിറയ്ക്കാം:

പൂക്കള്‍ പ്രണയത്തിന്റെ പ്രതീകമാണ്. ആദ്യമായി പ്രണയം പകരാനും പ്രണയം തോന്നുമ്പോഴെല്ലാം പങ്കാളിയ്ക്ക് നല്‍കാനും പൂക്കള്‍ മികച്ച മാര്‍ഗമാണ്. കടും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള പൂക്കള്‍ ഉപയോഗിച്ച് മനോഹരമായ ബൊക്കെ നിര്‍മിച്ചു നല്‍കിയും നിങ്ങളുടെ പ്രണയം മനോഹരമാകാം. പിങ്ക് നിറത്തിലുള്ള പൂക്കളും നിങ്ങള്‍ക്ക് ഇതിനായി തിരഞ്ഞെടുക്കാം.

ഒരു മെഴുതിരി അത്താഴമാകാം:

വൈകുന്നേരമാകുമ്പോള്‍ മെഴുകുതിരികളും വിളക്കുകളും സംഗീതവും വീഞ്ഞുമെല്ലാം ഒരുക്കി ഒരു സ്‌പെഷ്യല്‍ ഡിന്നര്‍ ഒരുക്കിയാലോ? പ്രണയം പകരാന്‍ ഇതിലും നല്ല അന്തരീക്ഷം വേറെയുണ്ടോ എന്ന് സംശയമാണ്. ഓപ്പണ്‍ ടെറസിലോ ബാല്‍ക്കണിയിലോ അല്ലെങ്കില്‍ നിങ്ങളുടെ വീടിനകത്തെ സുഖകരമായ ഒരു മൂലയിലോ ഇത് തയ്യാറാക്കാം. സര്‍ഗാത്മകതയും ഒരു റൊമാന്റിക് ഹൃദയവും നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ നിമിഷം വളരെയധികം ആസ്വദിക്കാനാകും.

ഒരു ചെറു യാത്ര പോകാം:

ഒരു പാര്‍ക്കിലേക്കോ, ബീച്ചിലെ ഒരു നല്ല സ്ഥലത്തേക്കോ, അല്ലെങ്കില്‍ കുറച്ചകലെയുള്ള പ്രകൃതി മനോഹരമായ ഒരിടത്തേക്കോ യാത്ര ചെയ്യാം. എങ്ങും യാത്ര ചെയ്യാനുള്ള സാഹചര്യമില്ലെങ്കില്‍ നിങ്ങളുടെ വീടിനു ചുറ്റുമുള്ള മനോഹരമായ അന്തരീക്ഷത്തിലൂടെ ഒരുമിച്ച് കൈ കോര്‍ത്ത് നടക്കൂ. വിരലുകള്‍ കോര്‍ത്തുകൊണ്ട് നിങ്ങള്‍ക്ക് കൂടുതല്‍ അടുക്കാന്‍ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.