ഉക്രെയ്‌നില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈയില്‍ പറന്നിറങ്ങി; രണ്ടാമത്തെ വിമാനം രാത്രി രണ്ടിന് ഡല്‍ഹിയിലെത്തും

 ഉക്രെയ്‌നില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈയില്‍ പറന്നിറങ്ങി; രണ്ടാമത്തെ വിമാനം രാത്രി രണ്ടിന് ഡല്‍ഹിയിലെത്തും

മുംബൈ: ഉക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യന്‍ സംഘത്തെയും വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തു. 219 യാത്രക്കാരെയും വഹിച്ചു കൊണ്ട് എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 27 മലയാളികളുണ്ട്. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള ആദ്യ സംഘമാണ് എത്തിയത്.

ശനിയാഴ്ച 1.45 നാണ് ബുക്കാറെസ്റ്റില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ രണ്ട് വിമാനങ്ങളാണ് റൊമാനിയയില്‍ നിന്ന് പുറപ്പെടുന്നത്. മൂന്നാമത്തെ വിമാനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നും പുറപ്പെടും.

ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി രണ്ട് മണിയോടെ ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തിലുള്ളത്. നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കായി വിമാനത്താവളത്തില്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ സുരക്ഷിതമായി ഹംഗറിയില്‍ എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സഹോണി- ഉസ്‌ഹോ റോഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ എത്തിക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയില്‍ പ്രവര്‍ത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റില്‍ എത്തിക്കുന്നത്. ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ബുഡാപെസ്റ്റില്‍ എത്തിക്കുക. തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

ബസ്, വാന്‍ എന്നിവ വഴി മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ. അതിനാല്‍ കാല്‍നട യാത്ര അനുവദിക്കുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അംഗീകൃത പാസ്‌പോര്‍ട്ട്, റെസിഡന്റ് പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വാക്‌സിനേഷന്‍ കാര്‍ഡ് എന്നിവ കൈയില്‍ കരുതണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

കെപിപി ടൈസ ബോര്‍ഡറില്‍ എത്തിയവര്‍ ഉസ്‌ഹോ റോഡിലേക്ക് തിരികെ പോകുകയും ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെടേണ്ടതുമാണ്. അതിര്‍ത്തിയില്‍ കാലതാമസം ഉണ്ടായാല്‍ കുടുങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

മറ്റു അതിര്‍ത്തികള്‍ വഴി ഹംഗറിയിലേക്ക് പ്രവേശിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അറിയിപ്പിലുണ്ട്. മറ്റ് അതിര്‍ത്തികളില്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വരാം. കൂടാതെ ഇത്തരം അതിര്‍ത്തികളില്‍ എംബസിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഹംഗറിയിലേക്ക് പ്രവേശിക്കുന്നതിന് എംബസി വഴിയുള്ള സഹായം ലഭിക്കില്ല. ഇത്തരം അതിര്‍ത്തികള്‍ വഴി ബുഡാപെസ്റ്റില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ പൊതു ഗതാഗതം തെരഞ്ഞെടുക്കാന്‍ മറക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം സ്ലോവാക്യ വഴിയുള്ള രക്ഷാദൗത്യത്തിന് രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.

അതിനിടെ സഹോണി അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഹംഗറിയില്‍ എത്തി. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ബുഡാപെസ്റ്റില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിക്കും. പുലര്‍ച്ചെയോടെ വിമാനം ഡല്‍ഹിയില്‍ എത്തും.

കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് നിലവില്‍ യുക്രെയിനില്‍ കുടുങ്ങിയിരിക്കുന്നത്. ഇതില്‍ 2300 ഓളം മലയാളികള്‍ ഉണ്ടെന്നാണ് സൂചന. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിക്കാന്‍ രാജ്യത്തെ സ്വകാര്യ വിമാന കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുക്രെയിനില്‍ കുടുങ്ങിയിരിക്കുന്ന പൗരന്‍മാരെ തിരികെയെത്തിക്കാന്‍ മറ്റ് രാജ്യങ്ങളും ആശ്രയിക്കുന്നത് ഹംഗറി, പോളണ്ട്, റൊമേനിയ എന്നിവരെയായതിനാല്‍ ഈ രാജ്യങ്ങളിലെ വ്യോമഗതാഗത മേഖലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.