അന്ന് സുന്ദര നൃത്തച്ചുവടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച സെലന്‍സ്‌കി ഇന്ന് ധീരതയില്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നു

അന്ന് സുന്ദര നൃത്തച്ചുവടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച സെലന്‍സ്‌കി  ഇന്ന് ധീരതയില്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നു

കീവ്: റഷ്യ തന്റെ രക്തത്തിനായി ദാഹിക്കുന്നുവെന്ന് മനസിലായിട്ടും അമേരിക്ക വച്ചു നീട്ടിയ അഭയ വാഗ്ദാനം നിരസിച്ച വോളോഡിമിര്‍ സെലന്‍സ്‌കിയെ തങ്ങളുടെ ധീരനായ പ്രസിഡന്റ് എന്നാണ് ഉക്രെയ്ന്‍ ജനത വാഴ്ത്തുന്നത്. സ്വന്തം രാജ്യം പരാജയത്തിലേക്ക് അടുക്കുമ്പോഴും തന്റെ ജനത്തെ ഉപേക്ഷിച്ച് സ്വയ രക്ഷയ്ക്ക് ശ്രമിക്കില്ലെന്ന സെലന്‍സ്‌കിയുടെ ഉറച്ച നിലപാടിനെ ലോക ജനതയും ആദരവോടെയാണ് നോക്കി കാണുന്നത്.

റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ പ്രതീക്ഷിച്ച പോലെ അമേരിക്കയുടേയോ നാറ്റോ രാജ്യങ്ങളുടേയോ പിന്തുണ കിട്ടാതിരുന്നപ്പോഴും കീഴടങ്ങാതെ ജനങ്ങളെ കൂട്ടി പോരാടുവാനാണ് വോളോഡിമിര്‍ സെലെന്‍സ്‌കി തീരുമാനിച്ചത്. തങ്ങളുടെ നായകനിലുള്ള ഉറച്ച വിശ്വാസമാണ് സ്ത്രീകളടക്കമുള്ളവരെ റഷ്യയ്‌ക്കെതിരെ തോക്കെടുക്കാന്‍ പ്രേരിപ്പിച്ചത്.

പതിനെണ്ണായിരം തോക്കുകളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. മിക്ക വീടുകളിലും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതിനിടെ പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിര്‍മാണം എങ്ങനെയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


അധിനിവേശത്തിനെതിരെ സകലശക്തിയുമെടുത്തുള്ള പോരാട്ടത്തിലാണ് ഉക്രെയ്ന്‍ ജനത. ഏതുവിധേനയും റഷ്യന്‍ ആക്രമണത്തെ ചെറുക്കാനും സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ഒരു ജനത ഒറ്റയ്ക്ക് പോരാടുന്നതിന്റെ ദൃശ്യങ്ങളാണ് ഉക്രെയ്‌നില്‍ കാണാനാകുന്നത്. തോക്ക് എന്താണെന്ന് അറിയാത്തവര്‍ പോലും തോക്കെടുത്ത് തെരുവിലിറങ്ങി പോരാടുന്നത് ഒരു ജനതയുടെ രാജ്യ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ്.

ഇത്തരത്തില്‍ ലോകമെങ്ങും സെലന്‍സ്‌കിയുടെ ആഹ്വാനങ്ങളും ചെറുത്തുനില്‍പ്പും ചര്‍ച്ചയാകുമ്പോഴും സിനിമയിലും ടിവി സീരിയലുകളിലും ഹാസ്യ നടനായിരുന്ന അദ്ദേഹത്തിന്റെ പഴയ ചില നൃത്ത വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഡാന്‍സിംഗ് വിത്ത് ദി സ്റ്റാറിന്റെ ഉക്രേനിയന്‍ പതിപ്പായ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് 2006 ല്‍ സെലന്‍സ്‌കി ചെയ്ത നൃത്തമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പരിപാടിയിലെ വിവധ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 21,000 ലധികം ആളുകളാണ് വിഡിയോ ലൈക്ക് ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.