മോസ്കോയിലെ കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ
മോസ്‌കോ: ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി റഷ്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍. റഷ്യയിലെ അഞ്ച് രൂപതകളിലെ കത്തോലിക്കാ ബിഷപ്പുമാരാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സന്ദേശത്തില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ ഭരണകൂടത്തോട് ആഹ്വാനം ചെയ്തത്. ഉക്രെയ്‌നില്‍ നടത്തുന്ന സൈനിക നടപടികള്‍ക്ക് രാജ്യം കണക്ക് പറയേണ്ടിവരുമെന്നും നേതാക്കള്‍ക്ക് ബിഷപ്പുമാര്‍ മുന്നറിയിപ്പ് നല്‍കി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഉത്തരവു പ്രകാരം ഉക്രെയ്നില്‍ റഷ്യന്‍ സൈന്യം സമ്പൂര്‍ണ അധിനിവേശം ആരംഭിച്ചതിനു പിന്നാലെയാണ് കത്തോലിക്കാ ബിഷപ്പുമാര്‍ സന്ദേശം പ്രസിദ്ധീകരിച്ചത്.
'വരാനിരിക്കുന്ന നൂറ്റാണ്ടുകളുടെ ഗതി ഇപ്പോഴത്തെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു'-രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഡോഗ്മാറ്റിക് ഭരണഘടനയായ ലുമെന്‍ ജെന്റിയത്തെ പരാമര്‍ശിച്ച് ബിഷപ്പുമാര്‍ സന്ദേശത്തില്‍ പറയുന്നു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ നേതൃത്വത്തോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ക്കിടയിലും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം ചോര വീഴ്ത്തിയ യുദ്ധമായി മാറിയത് നിങ്ങളെ പോലെ ഞങ്ങളെയും ഞെട്ടിച്ചതായി റഷ്യയിലെ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നല്‍കിയ സന്ദേശത്തില്‍ ബിഷപ്പുമാര്‍ പറയുന്നു.
'ഈ സായുധ ഏറ്റുമുട്ടല്‍ മരണവും നാശനഷ്ടങ്ങളും ബാക്കിയാക്കുകയും ലോകത്തിന്റെ മുഴുവന്‍ സുരക്ഷയെയും അപകടപ്പെടുത്തുകയും ചെയ്യുന്നു. ചരിത്രം മാത്രമല്ല, യുദ്ധം കാരണം മുന്‍കാലങ്ങളില്‍ ഉണ്ടായ കെടുതികളും ഒന്നിച്ചു പങ്കിട്ടവരാണ് ഉക്രെയ്‌നിലെയും റഷ്യയിലെയും ജനങ്ങള്‍.
ജനങ്ങള്‍ സമാധാനത്തിന് അര്‍ഹരാണ്. മറ്റുള്ളവരുടെ അന്തസിനെ ബഹുമാനിക്കുമെന്നുള്ള ഉറച്ച ദൃഢനിശ്ചയം ഉള്‍ക്കൊള്ളുന്ന സമാധാനമാണ് വേണ്ടതെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.
2017-ലെ കണക്കുകള്‍ പ്രകാരം, റഷ്യയില്‍ എട്ടു ലക്ഷത്തില്‍ താഴെ കത്തോലിക്കര്‍ മാത്രമാണുള്ളത്. 144 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 0.5 ശതമാനം മാത്രമാണിത്. ബാക്കിയുള്ളവര്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ആണ്.
1999 മുതല്‍ രാജ്യത്ത് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രവര്‍ത്തിക്കുന്നു. മോസ്‌കോയിലെ മദര്‍ ഓഫ് ഗോഡ് അതിരൂപതയുടെ തലവന്‍ ആര്‍ച്ച് ബിഷപ്പ് പൗലോ പെസിയാണ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍.
ജീവന്റെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനകളും ഉപവാസവും തീക്ഷണമാക്കാന്‍ റഷ്യയിലെ കത്തോലിക്ക വിശ്വാസികളോട് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് രണ്ട് സമാധാനത്തിനായുള്ള പ്രാര്‍ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റഷ്യന്‍ ബിഷപ്പുമാരുടെയും ആഹ്വാനം. സമാധാനത്തിനും നീതിക്കും വേണ്ടി ദിവ്യബലി അര്‍പ്പിക്കാന്‍ വൈദികരോടും ആവശ്യപ്പെട്ടു.
'ദൈവം സമാധാനത്തിന്റെ ദൈവമാണ്, യുദ്ധത്തിന്റെയല്ല, അവിടുന്ന് എല്ലാവരുടെയും പിതാവാണ്, ചിലരുടെ മാത്രമല്ല. നാം ശത്രുക്കളായല്ല, സഹോദരന്മാരായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു' ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ച് ബിഷപ്പുമാര്‍ പറഞ്ഞു.
നുണപ്രചാരണങ്ങളെയും വിദ്വേഷത്തെയും നേരിടാനും അനുരഞ്ജനത്തിന്റെ ഉറവിടമാകാനും എല്ലാവരോടും പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.