സ്വിഫ്റ്റ്: റഷ്യയ്‌ക്കെതിരായ 'സാമ്പത്തിക ആണവായുധം'; പ്രയോഗിച്ചാല്‍ രാജ്യം പട്ടിണിയിലേക്ക് വരെ നീങ്ങും

സ്വിഫ്റ്റ്: റഷ്യയ്‌ക്കെതിരായ 'സാമ്പത്തിക ആണവായുധം'; പ്രയോഗിച്ചാല്‍ രാജ്യം പട്ടിണിയിലേക്ക് വരെ നീങ്ങും

ന്യൂഡല്‍ഹി: രാജ്യാന്തര ബാങ്കിങ് പണമിടപാട് ശൃംഖലയായ സ്വിഫ്റ്റില്‍ (സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍) നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കാനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ റഷ്യയുടെ സാമ്പത്തിക ക്രമം പാടേ താളം തെറ്റും. രാജ്യം പട്ടിണിയിലേക്ക് വരെ നീങ്ങും.

ഉപരോധത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത മുന്‍നിര റഷ്യന്‍ ബാങ്കുകളെ ആദ്യഘട്ടത്തില്‍ സ്വിഫ്റ്റില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. ഇതോടെ റഷ്യയുടെ 70 ശതമാനം രാജ്യാന്തര ബാങ്കിടപാടുകളും തടസപ്പെടും.

ലോകത്ത് ഏറ്റവുമധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളില്‍ നാലാമതാണ് റഷ്യ. ഏകദേശം 63,500 കോടി ഡോളറാണ് ശേഖരം. ഇതുപയോഗിക്കാന്‍ റഷ്യയ്ക്ക് കഴിയാതെ വന്നാല്‍ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും.

ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമായ റഷ്യയ്ക്ക് ഈ മേഖലയിലും പണമിടപാടുകള്‍ക്ക് തടസമുണ്ടാകും. രാജ്യത്തു നിന്നുള്ള എല്ലാവിഭാഗം കയറ്റുമതികള്‍ക്കും തിരിച്ചടി നേരിടും. അവശ്യ വസ്തുക്കളുടെ ഇറക്കുമതിയും സാധ്യമാവില്ലെന്നതിനാല്‍ റഷ്യ ക്ഷാമത്താല്‍ വലയും.

നിലവില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, കാനഡ, അമേരിക്ക, യൂറോപ്യന്‍ കമ്മിഷന്‍ എന്നിവയാണ് സ്വിഫ്റ്റില്‍ നിന്ന് റഷ്യയെ പുറത്താക്കാന്‍ മുന്‍നിരയിലുള്ളത്. 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചാലേ പുറത്താക്കാനാകൂ.

സ്വിഫ്റ്റില്‍ നിന്ന് പുറത്താക്കിയാല്‍ അത് റഷ്യയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമായി കാണുമെന്നാണ് റഷ്യന്‍ ഭരണകൂടം പ്രതികരിച്ചത്. എന്നാല്‍, റഷ്യയ്‌ക്കെതിരായ 'സാമ്പത്തിക ആണവായുധമാണ്' സ്വിഫ്റ്റ് എന്നാണ് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍ തിരിച്ചടിച്ചത്.

എന്താണ് സ്വിഫ്റ്റ്?

രാജ്യാന്തര തലത്തില്‍ ബാങ്കുകള്‍ക്കിടയിലെ ഇടപാടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും തട്ടിപ്പും സൈബര്‍ ആക്രമണങ്ങള്‍ തടയാനുമായി ബെല്‍ജിയം ആസ്ഥാനമായി 1973 ല്‍ രൂപീകരിച്ച സഹകരണ സ്ഥാപനമാണ് സ്വിഫ്റ്റ്. നാഷണല്‍ ബാങ്ക് ഒഫ് ബെല്‍ജിയത്തിനാണ് നിയന്ത്രണമെങ്കിലും അമേരിക്ക, ജപ്പാന്‍, ചൈന, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയവയുടെ കേന്ദ്ര ബാങ്ക് പ്രതിനിധികളും ബോര്‍ഡിലുണ്ട്. ഇന്ത്യയില്‍ ബാങ്കുകള്‍ തമ്മില്‍ ഉപയോഗിക്കുന്ന ഐ.എഫ്.എസ് കോഡിന് സമാനമാണ് സ്വിഫ്റ്റിന്റെ പ്രവര്‍ത്തനം.

200 രാജ്യങ്ങളിലായി 11,000 ധനകാര്യസ്ഥാപനങ്ങള്‍ സ്വിഫ്റ്റ് ഉപയോഗിക്കുന്നു. ശരാശരി 4.2 കോടി ഇടപാടുകളാണ് സ്വിഫ്റ്റിലൂടെ പ്രതിദിനം നടക്കുന്നത്. 300 റഷ്യന്‍ ബാങ്കുകള്‍ സ്വിഫ്റ്റില്‍ അംഗമാണ്.

ഇറാനെ സ്വിഫ്റ്റില്‍ നിന്ന് പുറത്താക്കാന്‍ 2012 ല്‍ അമേരിക്ക നടത്തിയ നീക്കം വിജയിച്ചിരുന്നു. 2014 ല്‍ റഷ്യയെ പുറത്താക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം, ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും റഷ്യയുമായി വന്‍ സാമ്പത്തിക ഇടപാടുകളുണ്ട്.

യൂറോപ്യന്‍ യൂണിയനും റഷ്യയും തമ്മിലെ വ്യാപാരം മാത്രം 8,000 കോടി യൂറോയുടേതാണ്; ഏകദേശം 6.78 ലക്ഷം കോടി രൂപ.സ്വിഫ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ റഷ്യന്‍ ജി.ഡി.പിയില്‍ നിന്ന് അഞ്ചുശതമാനം കൊഴിഞ്ഞു പോകും. ഇത് റഷ്യയ്ക്ക് താങ്ങാവുന്നതിലും അധികമാണ്.

സ്വിഫ്റ്റിനൊരു ബദലിനായി 2014 മുതല്‍ റഷ്യ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല. സിസ്റ്റം ഫോര്‍ ട്രാന്‍സ്ഫര്‍ ഓഫ് ഫിനാന്‍ഷ്യല്‍ മെസേജസ് (എസ്.പി.എഫ്.എസ്) എന്ന സംവിധാനം റഷ്യ ഒരുക്കിയിരുന്നെങ്കിലും ഉപയോഗം നാമമാത്രമാണ്. ഇതിനിടെ ചൈനയും റഷ്യയ്‌ക്കൊപ്പം ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും വിജയകരമായ ബദല്‍ സൃഷ്ടിക്കാനായിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.