സന: യെമന്‍ പൗരനെ വിദേശത്ത് വച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലീല്‍ ഇന്ന് വിധി പറയും. സ്ത്രീയെന്ന പരിഗണന നല്‍കി വധ ശിക്ഷയില്‍ ഇളവ് വേണമെന്ന അപേക്ഷ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് കേസില്‍ വിധി പറയുക.
തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷയ്ക്കെതിരെയുള്ള കേസ്. 2017 ലായിരുന്നു സംഭവം. നഴ്‌സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് ഇയാള്‍ നിമിഷയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ തലാല്‍ തന്നെ സാമ്പത്തികമായി ചതിക്കുകയായിരുന്നു എന്നാണ് നിമിഷ പ്രിയ പറയുന്നത്. ക്രൂര പീഡനങ്ങള്‍ക്കും ഇയാള്‍ നിമിഷയെ ഇരയാക്കിയിരുന്നു.
നിമിഷയെ വിവാഹം കഴിച്ചുവെന്ന് തെളിയിക്കാനായി വ്യാജ രേഖകള്‍ നിര്‍മ്മിക്കുകയും പാസ്പോര്‍ട്ട് പിടിച്ചു വാങ്ങി വയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദ്ദേശ പ്രകാരം നിമിഷ പ്രിയ തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ചത്. വൈകാതെ ഇയാള്‍ മരണമടയുകയും ചെയ്തു.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയയെ യെമനിലെ കീഴ്ക്കോടതിയാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്. നിമിഷയുടെ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. ഹനാനും കൂടി ചേര്‍ന്നാണ് വെട്ടിനുറുക്കിയ മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചതെന്നാണ് കേസ്. നിമിഷ പ്രിയയുടെ ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് പാലക്കാട് സ്വദേശിയായ ഭര്‍ത്താവും ഏഴു വയുസുകാരിയായ ഏക മകളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.