മോസ്‌കോ: യുക്രെയ്നില്‍ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം വലിയ തോതില്‍ ഫലം കണ്ടു തുടങ്ങി. റഷ്യന്‍ റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ റൂബിളിന്റെ കൈമാറ്റ വില 26 ശതമാനം താഴ്‌ന്നെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യയ്ക്കെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വഫ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റൂബിളിന്റെ മൂല്യത്തില്‍ ഗണ്യമായ ഇടിവ് സംഭവിച്ചത്.
ബാങ്ക് ഓഫ് റഷ്യ പ്രധാന പലിശ നിരക്ക് ഏകദേശം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തി.ഇതോടെ നിരക്ക് 9.5% ല്‍ നിന്ന് 20% ആയി വര്‍ദ്ധിക്കും. സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് സ്വരൂപിച്ച 640 ബില്യണ്‍ ഡോളറിന്റെ ഭൂരിഭാഗവും തടയാന്‍ യു.എസും യൂറോപ്യന്‍ യൂണിയനും എടുത്ത തീരുമാനം കനത്ത ആഘാതമാണുണ്ടാക്കിയത്.
അതേസമയം യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിന് തിരിച്ചടിയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. വിദേശ കമ്പനികളുടെ റഷ്യയിലെ ഓഹരി ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.സാമ്പത്തിക ഉപരോധം മറികടക്കാന്‍ സെന്‍ട്രല്‍ ബാങ്ക് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കറന്‍സിയായ ഡിജിറ്റല്‍ റൂബിള്‍ റഷ്യ ഉപയോഗിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരുന്ന ഡിജിറ്റല്‍ റുപ്പിക്ക് സമാനമാണ് ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ റൂബിള്‍. ഡിജിറ്റല്‍ റൂബിള്‍ നേരിട്ട് സ്വീകരിക്കാന്‍ സന്നദ്ധമായ രാജ്യങ്ങളുമായി റഷ്യ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.