മഴക്കെടുതിയില്‍ വലഞ്ഞ് ക്വീന്‍സ് ലാന്‍ഡും ന്യൂ സൗത്ത് വെയില്‍സും; മരണം എട്ടായി; വീടുകള്‍ വെള്ളത്തിനടിയില്‍

മഴക്കെടുതിയില്‍ വലഞ്ഞ് ക്വീന്‍സ് ലാന്‍ഡും ന്യൂ സൗത്ത് വെയില്‍സും; മരണം എട്ടായി; വീടുകള്‍ വെള്ളത്തിനടിയില്‍

ബ്രിസ്ബന്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളായ ക്വീന്‍സ് ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങളിലും പേമാരിയെതുടര്‍ന്നുള്ള ദുരിതങ്ങള്‍ ഒഴിയുന്നില്ല. ക്വീന്‍സ് ലാന്‍ഡില്‍ ജനജീവിതത്തെ സാരമായി ബാധിച്ച മഴയിലും വെള്ളപ്പൊക്കത്തിലുമായി എട്ടു പേരോളം മരിച്ചു. നിരവധി പേരെ കാണാതായി. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ന്യൂ സൗത്ത് വെയില്‍സിലെ ലിസ്‌മോര്‍ മേഖലയിലുണ്ടായത്. 'മഴ ബോംബ്' എന്ന വിശേഷണത്തോടെയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്വീന്‍സ് ലാന്‍ഡ് തലസ്ഥാനമായ ബ്രിസ്ബനില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. നിരവധി പേരെ ഒഴിപ്പിച്ചു. സ്‌കൂളുകള്‍ അടച്ചു. തിരക്കേറിത നഗര പാതകള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വെള്ളം കയറിയ വീടുകളിലും വാഹനങ്ങളിലും ചെളി അടിഞ്ഞുകിടക്കുകയാണ്.

18,000 വീടുകള്‍ വെള്ളത്തിനടിയില്‍; നിരവധി പേരെ കാണാതായി

ഗോള്‍ഡ് കോസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാറില്‍നിന്ന് 50 വയസുകാരന്റെയും വളര്‍ത്തു നായയുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായത്.

പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു കാര്‍ തകരാറിലായതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വാഹനത്തെയും മരിച്ച നിലയില്‍ യാത്രക്കാരനെയും നായയെയും രാവിലെ 10:45-നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ ബ്രിസ്ബന്‍ നദി 3.85 മീറ്ററിലെത്തി. ഇന്നും നാളെയുമായി ബ്രിസ്ബന്‍ നദി വീണ്ടും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. മേഖലയില്‍ 18,000 വീടുകള്‍ വെള്ളത്തിനടിയിലായതായി ക്വീന്‍സ് ലാന്‍ഡ് പ്രീമിയര്‍ അന്നസ്റ്റാസിയ പലാസ്സുക്ക് പറഞ്ഞു.



സംസ്ഥാനത്തുടനീളമുള്ള 18,000 വീടുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അധികൃതര്‍ കണക്കാക്കുന്നു, ജിംപിയില്‍, ഏകദേശം 3,600 വീടുകളെയും ബ്രിസ്ബനില്‍ 15,000 വീടുകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ പുനരധിവാസ കേന്ദ്രങ്ങളിലാണ്. 53,000 വീടുകളില്‍ തിങ്കളാഴ്ച രാവിലെ വൈദ്യുതി നിലച്ചു. ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒറ്റരാത്രിയില്‍ സഹായത്തിനായി 2,200 അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ക്വീന്‍സ് ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് കമ്മീഷണര്‍ ഗ്രെഗ് ലീച്ച് പറഞ്ഞു. ബ്രിസ്ബന്‍, ഗോള്‍ഡ് കോസ്റ്റ്, ബീന്‍ലീ പ്രദേശങ്ങളില്‍ 113 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

കഴിഞ്ഞ ദിവസം രാത്രി ബ്രിസ്ബന്റെ വടക്കുഭാഗത്തുള്ള ഫിറ്റ്സ്ഗിബ്ബണില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 59 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. പ്രദേശവാസികള്‍ വെള്ളത്തില്‍ നിന്ന് വലിച്ചെടുത്ത് സി.പി.ആര്‍ നല്‍കിയെങ്കിലും മരിച്ചു.

ലിസ്‌മോറില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം

ക്വീന്‍സ് ലാന്‍ഡില്‍ നിന്ന് വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലേക്ക് നീങ്ങിയ പേമാരി രൂക്ഷമായ നാശം വിതക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലിസ്‌മോര്‍ നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി. 62000 പേരെയാണ് മഴക്കെടുതി ബാധിച്ചത്.


ലിസ്‌മോറില്‍നിന്നുള്ള കാഴ്ച്ച

ദിവസങ്ങളായി തുടരുന്ന മഴയില്‍ വില്‍സന്‍ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ലിസ്‌മോര്‍ വെള്ളത്തിനടിയിലായത്. നദിയിലെ ജലനിരപ്പ് റെക്കോര്‍ഡ് നിലയിലെത്തി-14.37 മീറ്റര്‍.

1954-ലും 1974-ലുമാണ് ഇതിന് മുമ്പ് വലിയ വെള്ളപ്പൊക്കമുണ്ടായത്. 1954-ലെ 12.27 മീറ്ററാണ് വില്‍സന്‍ നദിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. തിങ്കളാഴ്ച രാവിലെ അര മണിക്കൂറില്‍ 181 മില്ലിമീറ്റര്‍ മഴയാണ് ലിസ്‌മോറില്‍ പെയ്തത്. ഇനിയും കൂടുതല്‍ പേമാരിയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ന്യൂ സൗത്ത് വെയില്‍സില്‍ 512 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.

അതിവേഗം ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ നിരവധി പേര്‍ക്ക് വീടു വിട്ടുപോകാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒട്ടേറെ പേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ അഭയം പ്രാപിച്ചതായാണ് എമര്‍ജന്‍സി വിഭാഗം അറിയിച്ചത്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലൂടെയാണ് പട്ടണം കടന്നുപോകുന്നതെന്ന് ലിസ്‌മോര്‍ മേയര്‍ സ്റ്റീവ് ക്രൈഗ് അറിയിച്ചു. 200 മില്ലീമീറ്റര്‍ മഴ കൂടി തിങ്കളാഴ്ച ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കും അഗ്‌നിശമന സേനയ്ക്കുമൊപ്പം സൈന്യവും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. രക്ഷാ പ്രവര്‍ത്തനത്തിന് 200 സൈനികരാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.