ഉക്രെയ്ന്‍ രക്ഷാ ദൗത്യം: ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി

ഉക്രെയ്ന്‍ രക്ഷാ ദൗത്യം: ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: ഉക്രെയ്ന്‍ രക്ഷാദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥി ആതിര ഷാജിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

കീവ് മെട്രോ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ലിവിവില്‍ എത്തിയാല്‍ അവരെ പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ കഴിയുമോ എന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ചൊവ്വാഴ്ച തന്നെ വിശദീകരണം അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഉക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ആതിര ഷാജിയുടെ അഭിഭാഷകരായ മാതാപിതാക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ആതിര ഷാജി അടക്കമുള്ളവര്‍ നിലവില്‍ കീവ് സ്റ്റേഷനിലാണ്. അവിടെ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കീവില്‍ നിന്ന് വിദ്യാര്‍ഥികളെ ലിവിവില്‍ എത്തിക്കാമെന്ന് ഉക്രെയ്ന്‍ സര്‍ക്കാരും ഉറപ്പു നല്‍കിയിട്ടുണ്ട്.

ലിവിവില്‍ എത്തിയാല്‍ അവര്‍ക്കുള്ള താമസസൗകര്യം മറ്റൊരു സംവിധാനം വഴി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലേക്ക് ഏകദേശം 28 കിലോമീറ്ററാണ് ദൂരം. അതിനാല്‍ ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.