മാധബി പുരി ബുച്ച് സെബി മേധാവി ; ദേശീയ ഓഹരി വിപണി നിയന്ത്രണ സ്ഥാപനം നയിക്കുന്ന ആദ്യ വനിത

മാധബി പുരി ബുച്ച് സെബി മേധാവി ; ദേശീയ ഓഹരി വിപണി നിയന്ത്രണ സ്ഥാപനം നയിക്കുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയര്‍പേഴ്സണായി മാധബി പുരി ബുച്ച് നിയമിതയായി. സെബിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് മഹാരാഷ്ട്രക്കാരിയായ ബുച്ച്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സ്വകാര്യ മേഖലയില്‍ നിന്നു സെബിയെ നയിക്കാനെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ബുച്ച്.

മുംബൈയിലെ ഫോര്‍ട്ട് കോണ്‍വെന്റിലും ഡല്‍ഹിയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റിലുമാണ് ബുച്ച് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐഐഎം) പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. രണ്ട് വര്‍ഷം ഇംഗ്ലണ്ടിലെ വെസ്റ്റ് ചെഷയര്‍ കോളേജില്‍ ലക്ചററായിരുന്നു.

2009 ഫെബ്രുവരി മുതല്‍ 2011 മെയ് വരെ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു മാധബി പുരി ബുച്ച്. 2011ല്‍ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ എല്‍എല്‍പിയില്‍ ചേരാന്‍ ബുച്ച് സിംഗപ്പൂരിലേക്ക് പോയി. അഗോറ അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക-ഡയറക്ടറാണ്. ഷാങ്ഹായിലെ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിലും മൂന്ന് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐ എ എസ് ഓഫീസറായിരുന്ന അജയ് ത്യാഗിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പിന്‍ഗാമിയായി മാധബി പുരിയെ നിയമിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒക്ടോബറില്‍ ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. സെബിക്ക് പുതിയ ചെയര്‍മാനെ ലഭിക്കുമോ അതോ നിലവിലെ അജയ് ത്യാഗിക്ക് വീണ്ടും കാലാവധി നീട്ടി കൊടുക്കുമോ എന്ന കാര്യത്തില്‍ ഓഹരി വിപണി വ്യക്തതയ്ക്കായി കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് മാധബി പുരിയുടെ നിയമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.