കീവ്: സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും തുടര്‍ച്ചയായ ആറാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. ബെലാറൂസിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്ഫോടനങ്ങളുണ്ടായി. മൂന്ന് ഉഗ്ര സ്ഫോടനങ്ങളുണ്ടായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രോവറിയിലുണ്ടായ വ്യോമാക്രമണത്തില്‍ മേയര്‍ക്കും പരിക്കേറ്റു.
ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കീവില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴു വരെയാണ് കര്‍ഫ്യൂ. ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഖാര്‍ക്കീവില്‍ പതിനൊന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടെന്ന് ഉക്രെയ്ന്‍ റീജണല്‍ ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം ബെലാറസിലെ ചര്‍ച്ച ചില ശുഭ സൂചനകള്‍ നല്‍കുന്നുണ്ട്. ചര്‍ച്ചയില്‍ ചില തീരുമാനങ്ങളിലെത്തിയെന്ന് ഉക്രെയ്ന്‍പ്രതിനിധി അറിയിച്ചു. ധാരണയിലെത്താനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടെന്ന് റഷ്യയും വ്യക്തമാക്കി. ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടെയും ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് പങ്കെടുത്തത്. പോളണ്ട്-ബെലാറസ് അതിര്‍ത്തിയില്‍ രണ്ടാംവട്ട ചര്‍ച്ച ഉടന്‍ ആരംഭിക്കും.
അതിനിടെ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ ലോക രാജ്യങ്ങളിലെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. 'പുടിന്‍ യുദ്ധം നിര്‍ത്തൂ' എന്ന മുദ്രാവാക്യം മുഴക്കി സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണി നിരന്നു. ജര്‍മനിയിലെ ബര്‍ലിനില്‍ ലക്ഷങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ യുദ്ധവിരുദ്ധ റാലിയാണ് നടന്നത്. ഉക്രെയ്ന്‍, യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ ഏന്തിയായിരുന്നു പ്രകടനം. ചെകോസ്ലോവാക്യയിലെ പ്രാഗില്‍ 80,000 പേര്‍ റാലിയില്‍ പങ്കെടുത്തു.
ഡെന്മാര്‍ക്കില്‍ 400 ഓളം പേര്‍ പങ്കെടുത്തു. റോം, ലിസ്ബണ്‍, ലണ്ടന്‍, സോള്‍, ലാഹോര്‍, ഡല്‍ഹി, ഇസ്തംബൂള്‍, വാഷിങ്ടണ്‍ ഡി.സി, കൊളംബൊ എന്നിവിടങ്ങളിലും യുദ്ധവിരുദ്ധ പ്രതിഷേധം അരങ്ങേറി. മോസ്‌കോയില്‍ യുദ്ധവിരുദ്ധ റാലിയില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.