റഷ്യന്‍ ആക്രമണത്തില്‍ 70 ഉക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു; പ്രസവാശുപത്രിക്ക് നേരെയും ഷെല്ലാക്രമണം

റഷ്യന്‍ ആക്രമണത്തില്‍ 70 ഉക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു; പ്രസവാശുപത്രിക്ക് നേരെയും ഷെല്ലാക്രമണം

കീവ്: ഉക്രെയ്‌നില്‍ യുദ്ധം തുടങ്ങിയതിന്റെ ആറാം ദിവസവും അതിരൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. തലസ്ഥാനമായ കീവിന് സമീപമുള്ള പ്രസവാശുപത്രിക്കു നേരെ റഷ്യ ഷെല്ലാക്രമണം നടത്തി. എല്ലാവരെയും ഒഴിപ്പിച്ചതിനാല്‍ മാത്രം ആളപായമില്ലെന്ന് ആശുപത്രി സിഇഒ വിറ്റാലി ഗിരിന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

കനത്ത പോരാട്ടം നടക്കുന്ന ബുസോവ ഗ്രാമത്തിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായത്. 'പ്രസവാശുപത്രിക്ക് എന്ത് സംഭവിച്ചു എന്ന് എല്ലാവരും ചോദിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഷെല്ലാക്രമണത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചു. പക്ഷേ ആശുപത്രി കെട്ടിടം അവിടെയുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിലാണ്'-വിറ്റാലി ഗിരിന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

സിവിലിയന്‍മാര്‍ക്കെതിരായ ആക്രമണത്തില്‍ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യമിടില്ലെന്ന പുടിന്റെ അവകാശവാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായെന്നാണ് ഉയരുന്ന വിമര്‍ശനം.

ഖാര്‍കീവിലും ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. ഇവിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. കേഴ്സന്‍ നഗരം റഷ്യ പൂര്‍ണമായി കീഴടക്കി. നഗരത്തിലേക്കുള്ള റോഡുകളില്‍ റഷ്യ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു.

ഉക്രെയ്‌ന്റെ സൈനിക താവളത്തിനു നേരെ റഷ്യന്‍ പീരങ്കിപട നടത്തിയ ആക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഖാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തിര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്‌കി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഞായറാഴ്ചയുണ്ടായ റഷ്യന്‍ പീരങ്കി ആക്രമണം തിങ്കാളാഴ്ചയോടെയാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിനിടെ നിരവധി റഷ്യന്‍ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.

വ്യാഴാഴ്ച ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനിടെ ഇതുവരെ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉക്രെയ്ന്‍ പറഞ്ഞു. ഇതില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നു. സമാധാന ചര്‍ച്ചകള്‍ക്കിടയിലും റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.