ഉക്രെയ്ന്‍ അധിനിവേശം; റഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവച്ച് ഓസ്‌ട്രേലിയന്‍ മദ്യവിതരണ കമ്പനികള്‍

ഉക്രെയ്ന്‍ അധിനിവേശം; റഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവച്ച് ഓസ്‌ട്രേലിയന്‍ മദ്യവിതരണ കമ്പനികള്‍

കാന്‍ബറ: ഉക്രെയ്ന്‍ അധിനിവേശത്തെതുടര്‍ന്ന് റഷ്യക്കെതിരേ വിവിധ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ റഷ്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവച്ച് ഓസ്‌ട്രേലിയന്‍ മദ്യ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഡാന്‍ മര്‍ഫിസും ബി.ഡബ്‌ള്യൂ.എസും

റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഓസ്ട്രേലിയയിലെ ഉക്രെയ്‌നിയന്‍ സമൂഹത്തിന്റെ സമ്മര്‍ദത്തെതുടര്‍ന്ന് മാതൃ കമ്പനിയായ എന്‍ഡവര്‍ ഗ്രൂപ്പിന്റേതാണു തീരുമാനം. വരും ദിവസങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡവര്‍ ഗ്രൂപ്പിനു കീഴിലാണ് ഡാന്‍ മര്‍ഫിസ്, ബി.ഡബ്‌ള്യൂ.എസ്, എ.എല്‍.എച്ച് ഹോട്ടല്‍സ്, ജിമ്മി ബ്രിംഗ്‌സ് എന്നിവ പ്രവര്‍ത്തിക്കുന്നത്.

റഷ്യയില്‍നിന്നുള്ള പാനീയങ്ങള്‍ റീട്ടെയില്‍, ഹോട്ടല്‍, ഓണ്‍ലൈന്‍ ബിസിനസുകളില്‍ നിന്നാണു നീക്കം ചെയ്യുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.

'ഒരു സ്ഥാപനം എന്ന നിലയില്‍, എന്‍ഡവര്‍ ഗ്രൂപ്പ് ഉക്രെയ്‌നിലെ സ്ഥിതിഗതികളില്‍ അതീവ ഉത്കണ്ഠാകുലരാണ്, സമാധാനത്തിനായുള്ള ആഹ്വാനങ്ങളില്‍ ഞങ്ങളും പങ്കു ചേരുന്നതായി കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

'കമ്പനിയുടെ ഓഹരി പങ്കാളികളില്‍ നിന്നുള്ള പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളില്‍ ഞങ്ങളുടെ സ്റ്റോറുകള്‍, ഹോട്ടലുകള്‍, ഓണ്‍ലൈന്‍ ബിസിനസുകള്‍ എന്നിവയില്‍ നിന്ന് റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി വക്താവ് കൂട്ടിച്ചേര്‍ത്തു.

എന്‍ഡവര്‍ ഗ്രൂപ്പിന് ആല്‍ക്കഹോള്‍ ഡെലിവറി സേവനമായ ജിമ്മി ബ്രിംഗ്‌സ്, സെലാര്‍മാസ്റ്റേഴ്‌സ്, എ.എല്‍.എച്ച് ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ബിസിനസുകളുണ്ട്.

രാജ്യത്തുടനീളം 1,500-ലധികം സ്റ്റോറുകളുള്ള ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ട് മദ്യ വില്‍പ്പനക്കാരാണ് ഡാന്‍ മര്‍ഫിയും ബി.ഡബ്‌ള്യൂ.എസും.

വോഡ്ക ഉള്‍പ്പെടെയുള്ള റഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും വിതരണവും നിരോധിക്കണമെന്ന ഓസ്ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഉക്രെയ്‌നിയന്‍ ഓര്‍ഗനൈസേഷന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് നടപടി.

റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചും സിഡ്നിയിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടിയും റഷ്യന്‍ സന്ദര്‍ശകര്‍ക്കും ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വിസ റദ്ദാക്കിയും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എന്‍ഡവര്‍ ഗ്രൂപ്പിന്റെ കോ-ചെയര്‍ സ്റ്റെഫാന്‍ റൊമാനീവ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

റഷ്യന്‍ നിര്‍മ്മിത ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും തടയാന്‍ കൂടുതല്‍ ഓസ്ട്രേലിയന്‍ ബിസിനസുകളെ പ്രേരിപ്പിക്കാനും സംഘടന ശ്രമിക്കുന്നുണ്ട്.

ഉക്രെയ്‌നിലെ അധിനിവേശത്തെതുടര്‍ന്ന്, റഷ്യന്‍ പ്രഭുക്കന്മാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ബാങ്കുകള്‍ എന്നിവക്കെതിരേയും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവര്‍ക്കെതിരേ വ്യക്തിഗത ഉപരോധവും ഫെഡറല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26