മാരക പ്രഹര ശേഷിയുമായി ശത്രു തൊട്ടരികെ; ധീരതയുടെ വിളനിലമായി കീവ്: അവിശ്വസനീയമെന്ന് ബി.ബി.സി പ്രതിനിധി

മാരക പ്രഹര ശേഷിയുമായി ശത്രു തൊട്ടരികെ; ധീരതയുടെ വിളനിലമായി കീവ്: അവിശ്വസനീയമെന്ന് ബി.ബി.സി പ്രതിനിധി

കീവ്: ഉക്രേനിയന്‍ തലസ്ഥാനമായ കീവ് കീഴടക്കാന്‍ എത്തിക്കൊണ്ടിരിക്കുന്ന വമ്പന്‍ സൈനിക സന്നാഹത്തെ 'അസംസ്‌കൃത ദൃഢനിശ്ചയവും അതി തീവ്ര ദേശസ്നേഹവും 'മാത്രം കൈമുതലായുള്ള ജനസമൂഹത്തിന് എങ്ങനെ ചെറുത്തുനില്‍ക്കാനാകുമെന്ന ആശങ്ക പങ്കുവച്ച് ബി.ബി.സിന്യൂസിന്റെ ചീഫ് ഇന്റര്‍നാഷണല്‍ കറസ്പോണ്ടന്റ് ലൈസെ ഡൗസെറ്റ്. റഷ്യയുടെ അഹന്തയ്‌ക്കെതിരെ ഇതുവരെയും ഭയം പ്രകടമാക്കുന്നില്ല കീവ് എന്നതിലെ വിസ്മയവും അവരുടെ റിപ്പോര്‍ട്ടില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഉക്രേനിയന്‍ തലസ്ഥാനത്തുനിന്ന്  ലൈസെ ഡൗസെറ്റിന്റെ വാക്കുകള്‍ : ഇപ്പോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന തെക്കന്‍ ഉക്രെയ്‌നിലെ കെര്‍സണിലെ പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എനിക്കു കിട്ടിയ വാര്‍ത്തകള്‍ കീവിനെയും എന്താണ് കാത്തിരിക്കുന്നത് എന്നതിന്റെ സൂചന നല്‍കുന്നുണ്ട്. ഇവിടെയെല്ലാം രൂപം കൊള്ളുന്നത് സംയുക്ത ജനകീയ ഉപരോധമാണ്.പക്ഷേ, സിറിയയില്‍ മധ്യകാലത്ത് ആവര്‍ത്തിച്ചതുപോലെ നഗരങ്ങളെ പട്ടിണിക്കിടുന്ന അതീഹീന തന്ത്രമാകും തിടര്‍ന്നുണ്ടാകുക. യുദ്ധക്കുറ്റമാണതെന്നത് വേറെ കാര്യം.

കീവില്‍ മാര്‍ച്ചിലെ ആദ്യ ദിനം കാറ്റിന്റെ അകമ്പടിയുള്ള മഞ്ഞുവീഴ്ചയോടെ കടന്നുപോയി. റഷ്യയുടെ ആക്രമണത്തിന്റെ ഈ ആറാം ദിനം മുന്‍കരുതലുകള്‍ കൂടുതല്‍ തീവ്രമായി. കാരണം ഇങ്ങോട്ടുള്ള റഷ്യന്‍ പടയുടെ നീക്കം പുരോഗതി കൈവരിച്ചു.ആ വേഗത വളരെ വ്യക്തതയോടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. ഏകദേശം 40 മൈല്‍ (64 കി.മീ) നീളത്തില്‍ ടാങ്കുകളും പട്ടാളവും കൊണ്ട് ഞെരിഞ്ഞമര്‍ന്ന കവചിത വാഹനവ്യൂഹം മാരക സര്‍പ്പത്തെപ്പോലെ ഇഴഞ്ഞുവരികയാണ്. നിലവില്‍ ഇത് 17 മൈല്‍ മാത്രം അകലെയാണ്.

'ലോകം വീക്ഷിക്കുന്നു' എന്ന പ്രയോഗത്തിന് തികച്ചും പുതിയതും ഭയപ്പെടുത്തുന്നതുമായ അര്‍ത്ഥം നല്‍കുന്നു ഈ സൈനിക വ്യൂഹം. എല്ലാവര്‍ക്കും ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും ആരുമില്ല ഇടപെടാന്‍. ഉക്രേനിയന്‍ സൈനികരും സാധാരണക്കാരും മാത്രമേ അതിന്റെ ഭീകര മുന്നേറ്റം തടയാനുള്ളൂ. പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങളും വെടിക്കോപ്പുകളും അയയ്ക്കുന്നത് തുടരുന്നു. ഒപ്പം ശക്തമായ വാക്കുകളുടെ ഇടതടവില്ലാത്ത പ്രവാഹവും അനുസ്യൂതം. പക്ഷേ, നെഞ്ചു വിരിക്കാന്‍ ഉക്രെയ്ന്‍ മാത്രം.


'ഞങ്ങള്‍ വാഹനവ്യൂഹം കത്തിക്കും,' എന്ന് ഒരു ഉക്രേനിയന്‍ പത്രപ്രവര്‍ത്തകന്‍ ബേസ്മെന്റിലെ ഷെല്‍ട്ടറില്‍ കാണുമ്പോള്‍ താന്‍ കേള്‍ക്കെ പ്രതിജ്ഞ ചെയ്യുന്നുണ്ടായിരുന്നു.വരുംവരായ്ക നോക്കാതെയുള്ള ഈ അസംസ്‌കൃത ദൃഢനിശ്ചയവും തീവ്രമായ ദേശസ്നേഹവുമാണ്, അതി ശക്തമായ റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തിനെതിരായ ഉക്രെയ്നിന്റെ അപ്രതീക്ഷിതവും ശക്തവുമായ ചെറുത്തുനില്‍പ്പിന് മൂലധനമാകുന്നത്. യുദ്ധം വരില്ലെന്ന് ആറ് ദിവസം മുമ്പുണ്ടായിരുന്ന അവിശ്വാസം ഓരോ ദിവസം കഴിയുന്തോറും പലരിലും ധിക്കാര സമാനമായൊരു വികാരമായി മാറുന്നു; ചിലരിലെങ്കിലും ഭയമായും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.