റഷ്യയിലെ സേവനം നിര്‍ത്തിവച്ച് ബോയിങ്; എക്സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്സ് കമ്പനികളും പിന്മാറി

റഷ്യയിലെ സേവനം നിര്‍ത്തിവച്ച് ബോയിങ്; എക്സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്സ് കമ്പനികളും പിന്മാറി

വാഷിംഗ്ടണ്‍: റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ച് ബോയിങ്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്നാണ് യു.എസ് വിമാന നിര്‍മ്മാണ കമ്പനിയുടെ നടപടി. മോസ്‌കോ ട്രെയിനിംഗ് കാമ്പസിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതായും കീവിലെ ഓഫീസ് താല്‍ക്കാലികമായി അടച്ചതായും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഉക്രെയ്‌നിലെ ഖാര്‍ക്കീവില്‍ റഷ്യ മിസൈലാക്രമണം നടത്തിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെയാണ് ബോയിങിന്റെ പ്രഖ്യാപനമുണ്ടായത്.ബോയിങിന്റെ മോസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുന്നത് കമ്പനി ടീം അംഗങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ചാണെന്നാണ് കമ്പനി വക്താവ് പറഞ്ഞത്. അതിനിടെ അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ബൈഡന്‍ വിലക്ക് പ്രഖ്യാപിച്ചു.

ഉക്രെയ്‌നിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായി കൂടുതല്‍ കമ്പനികളും രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ-വാതക നിര്‍മാതാക്കളിലൊന്നായ എക്സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്സ് ഉള്‍പ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഏഴാം ദിവസവും യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ റഷ്യ-ഉക്രെയ്ന്‍ രണ്ടാം ഘട്ട ചര്‍ച്ച ബെലാറസ്- പോളണ്ട് അതിര്‍ത്തിയില്‍ ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക പിന്‍മാറ്റമാണ് ഉക്രെയ്ന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. ആദ്യ ഘട്ട ചര്‍ച്ചയില്‍ കാര്യമായ ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.