ജനീവ: അതിക്രമിച്ചു കയറിയ റഷ്യയോടും നിലനില്‍പ്പിനായി പൊരുതുന്ന ഉക്രെയ്‌നോടും ലോക മനസാക്ഷി എങ്ങനെ പ്രതികരിക്കുന്നു എന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലൂടെ ബോധ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ. യൂറോപ്യന്‍ പാര്‍ലമെന്റിനെ ഒണ്‍ലൈനില്‍ അഭിസംബോധന ചെയ്ത ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെ അംഗങ്ങള്‍ മുഴുവനും എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് ആദരിച്ചപ്പോള്‍ മറ്റൊരു യോഗത്തില്‍ റഷ്യ നാണം കെടുന്നതും കണ്ടു.
ജനീവയിലെ യുണൈറ്റഡ് നേഷന്‍സ് ആസ്ഥാനത്ത് ഇന്നലെ ചേര്‍ന്ന ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ മീറ്റിംഗിലാണ് ബഹിഷ്‌കരണത്തിന് വിധേയമായി റഷ്യ നാണം കെട്ടത്. അതുവരെ നിറഞ്ഞിരുന്ന യുഎന്‍ ഹാള്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി പ്രസംഗിക്കാന്‍ എത്തിയതോടെ ശൂന്യമായി. 40 രാജ്യങ്ങളില്‍ നിന്നുമായി നൂറിലേറെ നയതന്ത്ര ഉദ്യോഗസ്ഥരാണ് റഷ്യയ്ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി സഭയില്‍ നിന്ന് 'വാക്ക് ഔട്ട്' നടത്തിയത്.
യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങി നാല്‍പ്പതോളം രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് എഴുന്നേറ്റ് പോയത്. അവസാനം ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ മീറ്റിംഗില്‍ അവശേഷിച്ചത് യുഎന്നിന്റെ റഷ്യന്‍ അംബാസിഡറും, സിറിയ, ചൈന, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും മാത്രം. വാക്ക് ഔട്ട് നയിച്ച ഉക്രേനിയന്‍ അംബാസിഡര്‍ യെവേനിയ ഫിലിപെന്‍കോ തന്നോടൊപ്പം ചേര്‍ന്ന മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു.
റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് റഷ്യന്‍ പ്രതിനിധിക്ക് ജനീവയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഓണ്‍ലൈനിലൂടെയായിരുന്നു സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. റഷ്യന്‍ പ്രതിനിധി സ്‌ക്രീനില്‍ തെളിഞ്ഞതോടെയായിരുന്നു മറ്റ് നയതന്ത്ര പ്രതിനിധകളുടെ വാക്ക് ഔട്ട്.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം. യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്കെതിരായ പ്രവര്‍ത്തനം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. ഉക്രെയ്‌നെ നാസി മുക്തമാക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയാക്കി മാറ്റരുതെന്ന് പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.