കൂടുതല്‍ പേരെ ഇന്ന് രാജ്യത്തെത്തിക്കുമെന്ന് കേന്ദ്രം; വ്യോമസേനയുടെ ആദ്യ വിമാനം രാത്രിയോടെ എത്തും

കൂടുതല്‍ പേരെ ഇന്ന് രാജ്യത്തെത്തിക്കുമെന്ന് കേന്ദ്രം; വ്യോമസേനയുടെ ആദ്യ വിമാനം രാത്രിയോടെ എത്തും

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ ഇന്ന് രാജ്യത്തെത്തിക്കുമെന്ന് കേന്ദ്രം. ഉക്രെയന്റെ സമീപ്രദേശത്തുള്ള രാജ്യങ്ങളില്‍ കൂടി ആയിരത്തിലധികം പേരെ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മൂന്ന് വിമാനങ്ങളാണ് ബുധനാഴ്ച രാജ്യത്ത് എത്തിയത്.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനം രാവിലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ആണ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഹംഗറി, ബുഡാപെസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വിമാനങ്ങളും ഇതിനോടകം ഡല്‍ഹില്‍ എത്തിയിട്ടുണ്ട്. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനവും ഉച്ചക്ക് മുമ്പ് ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ബുധനാഴ്ച രാത്രിയിലും ഉക്രെയനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങള്‍ ഡല്‍ഹിയില്‍ എത്തും. റൊമാനിയ, ഹംഗറി, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് രാത്രി എത്തുക.

അതേസമയം, വ്യോമസേനയുടെ ആദ്യ വിമാനം രാത്രി 11 മണിക്ക് ഹിന്ദന്‍ വ്യോമതാവളത്തില്‍ എത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നാല് മണിക്കാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബുക്കാറസ്റ്റിലേക്ക് പോയത്. 250ലേറെ വരുന്ന ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തും.

ഇന്നും നാളെയും മറ്റന്നാളുമായി 26 സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. റഷ്യ വഴി കൂടുതല്‍ പേരെ ഒഴിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍, മോസ്‌കോയിലേക്കും ഉക്രെയ്‌ന്റെ അതിര്‍ത്തിയോടു ചേര്‍ന്ന റഷ്യന്‍ ഭാഗത്തെ വിമാനത്താവളത്തിലേക്കും കൂടുതല്‍ സര്‍വീസ് നടത്തുന്നതിനുള്ള ചര്‍ച്ചകളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍ നയതന്ത്ര തലത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

ഹാര്‍കിവും സുമിയും അടക്കമുള്ളയിടങ്ങളില്‍ നാലായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.