സുമിയിലെ രക്ഷാദൗത്യം വേഗത്തിലാക്കി; യാത്രയ്ക്ക് സജ്ജമാകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം

സുമിയിലെ രക്ഷാദൗത്യം വേഗത്തിലാക്കി; യാത്രയ്ക്ക് സജ്ജമാകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം

കീവ്: യുദ്ധം കനത്തതോടെ ഉക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി. യാത്രയ്ക്ക് സജ്ജമാകാന്‍ സുമിയില്‍ കുടുങ്ങിയവര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. മന്ത്രാലയത്തിന്റെ സന്ദേശം ലഭിച്ചതായി ഹോസ്റ്റര്‍ കെയര്‍ടേക്കര്‍മാര്‍ അറിയിച്ചു. യാത്രയ്ക്ക് ഒരു ചെറിയ ബാഗ് മാത്രം എടുത്ത് തയാറായിരിക്കാന്‍ നിര്‍ദേശം ലഭിച്ചതായി സിമിയിലെ വിദ്യാര്‍ത്ഥി പ്രതിനിധി സെബാ ഷോബി സീന്യൂസ് പ്രതിനിധികളെ അറിയിച്ചു.

അതേസമയം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ എല്ലാ മാര്‍ഗവും തേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു. എല്ലാവരെയും തിരിച്ചെത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സൈന്യം അധിനിവേശം തുടരുന്ന ഉക്രെയ്‌നില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നു റഷ്യ അറിയിച്ചു. മാനുഷിക പരിഗണന നല്‍കുമെന്നും ഉക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്നും റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കി.

യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടു. റഷ്യയോടു ചേര്‍ന്ന കിഴക്കന്‍ ഉക്രെയ്‌നിലെ ഖാർകിവ്, സുമി നഗരങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ റഷ്യന്‍ അതിര്‍ത്തി വഴി പുറത്തെത്തിക്കാനുള്ള സാധ്യത ഇന്ത്യയിലെ റഷ്യ, ഉക്രെയ്ന്‍ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ധന്‍ ശൃംഗ്ല ചര്‍ച്ച ചെയ്തിരുന്നു.

ഇന്ത്യന്‍ എംബസി സംഘം ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ റഷ്യയിലെ ബെല്‍ഗ്രോദില്‍ എത്തിയിട്ടുണ്ടെങ്കിലും ശക്തമായ ആക്രമണം മൂലം കൂടുതല്‍ മുന്നോട്ടുപോകാനാകുന്നില്ലെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ, തലസ്ഥാനമായ കീവില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരും അവിടെ നിന്നു പുറത്തുകടന്നതായി ഹര്‍ഷ്വര്‍ധന്‍ ശൃംഗ്ല ഇന്നലെ രാത്രി തന്നെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.