റഷ്യയുടെ 498 സൈനികര്‍ ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടെന്നു സമ്മതിച്ച് പ്രതിരോധ മന്ത്രാലയം; 1,597 പേര്‍ക്ക് പരിക്ക്

 റഷ്യയുടെ 498 സൈനികര്‍ ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടെന്നു സമ്മതിച്ച് പ്രതിരോധ മന്ത്രാലയം; 1,597 പേര്‍ക്ക് പരിക്ക്

മോസ്‌കോ: ഉക്രെയ്‌നു നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം റഷ്യയുടെ 498 സൈനികര്‍ മരിക്കുകയും 1,597 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കടുത്ത ഉക്രേനിയന്‍ ചെറുത്തുനില്‍പ്പുകള്‍ക്കിടയില്‍ ദിവസങ്ങളായി കീവിനു സമീപം റഷ്യയുടെ ഒരു വലിയ സൈനിക വാഹന വ്യൂഹം മുന്നോട്ടു നീങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നതിനിടെയാണ് പ്രഖ്യാപനം.

തെക്കന്‍ ഉക്രെയ്‌നിലെ ഖെര്‍സണിലും റഷ്യന്‍ സൈന്യം നേരിടുന്നത് കടുത്ത പ്രതിരോധമാണ്.അതേസമയം, രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ ഇറങ്ങി റഷ്യന്‍ പാരാട്രൂപ്പര്‍മാര്‍ ദ്രുത പോരാട്ടമാരംഭിച്ചു.തന്ത്രപ്രധാനമായ തെക്കന്‍ തുറമുഖ നഗരമായ മരിയുപോളില്‍ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. കരിങ്കടല്‍ നഗരമായ കെര്‍സണ്‍ റഷ്യയുടെ സൈനിയ വ്യൂഹത്താല്‍ ചുറ്റപ്പെട്ടു കഴിഞ്ഞു.


റഷ്യ ചൊവ്വാഴ്ച ബോംബാക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന കീവിലെ പ്രധാന ടെലിവിഷന്‍ ടവറും നഗരത്തിന് വടക്ക് പടിഞ്ഞാറുള്ള ഉപനഗരത്തിലെ രണ്ട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഖാര്‍കിവിലെ പ്രാദേശിക സര്‍ക്കാര്‍ ആസ്ഥാനവും തകര്‍ന്നു. റഷ്യന്‍ അധിനിവേശത്തിനുശേഷം 830,000-ത്തിലധികം ആളുകള്‍ ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നു.എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണ്.

ഇതിനിടെ, റഷ്യ 'വംശഹത്യ' നടത്തുന്നതായുള്ള ഉക്രെയ്‌നിന്റെ ആരോപണങ്ങളില്‍ മാര്‍ച്ച് 7, 8 തീയതികളില്‍ പൊതു വാദം കേള്‍ക്കുമെന്ന് ഹേഗിലെ യുഎന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചു. ഉക്രെയ്‌നില്‍ ഇതുവരെ 7000 സിവിലിയന്‍മാര്‍ റഷ്യയുടെ ആക്രമണം മൂലം മരിച്ചതായാണ് അനൗദ്യോഗിക വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.