രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്; വെടിനിര്‍ത്തലും ചര്‍ച്ചയാകാമെന്ന് റഷ്യ; പ്രധാന നഗരങ്ങളില്‍ സ്ഫോടനങ്ങള്‍

രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്; വെടിനിര്‍ത്തലും ചര്‍ച്ചയാകാമെന്ന് റഷ്യ; പ്രധാന നഗരങ്ങളില്‍ സ്ഫോടനങ്ങള്‍

മോസ്‌ക്കോ: ഉക്രെയ്ന്‍-റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട്-ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. അതേസമയം, ഉക്രെയ്നിലെ സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു.

അഞ്ച് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ഇതിനിടെ യുദ്ധത്തില്‍ തങ്ങളുടെ 498 സൈനികര്‍ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു.

സൈനിക നീക്കം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ആള്‍നാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍. 1597 സൈനികര്‍ക്ക് പരിക്കേറ്റു. 2870 ഉക്രെയ്ന്‍ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു. ഇന്ത്യക്കാരെ ഉക്രെയ്ന്‍ മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കി വയ്ക്കുന്നത് ഉക്രെയ്ന്‍ സൈന്യമെന്നും റഷ്യ പറഞ്ഞു.

അതേസമയം എട്ടാം ദിവസവും റഷ്യ പിന്നോട്ടില്ല എന്ന മട്ടിലാണ് പോക്ക്. ഉക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും ഖാര്‍ക്കിവിലും കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്‌ഫോടനവും തുടര്‍ന്നു. കൂടുതല്‍ ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വിനാശകരമായ ആയുധങ്ങള്‍ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.