'യുദ്ധം' എന്ന വാക്കിനു റഷ്യയില്‍ വിലക്ക്; 'പ്രത്യേക സൈനിക പ്രവര്‍ത്തനം' മതി: 7000 പ്രതിഷേധക്കാരെ ഇതുവരെ തടവിലാക്കി

 'യുദ്ധം' എന്ന വാക്കിനു റഷ്യയില്‍ വിലക്ക്; 'പ്രത്യേക സൈനിക പ്രവര്‍ത്തനം' മതി: 7000 പ്രതിഷേധക്കാരെ ഇതുവരെ തടവിലാക്കി

മോസ്‌കോ: ഉക്രെയ്‌നിലെ അധിനിവേശത്തെ 'യുദ്ധം' എന്ന് വിളിക്കരുതെന്ന് റഷ്യ. മാധ്യമങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഉക്രെയ്‌നിനെതിരായ മോസ്‌കോയുടെ ആക്രമണത്തെക്കുറിച്ച 'പ്രത്യേക സൈനിക പ്രവര്‍ത്തനം' എന്നേ പറയാവൂ എന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി.പ്രതിഷേധം കനത്തതോടെയാണ് യുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പുടിന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.

റഷ്യയുടെ ഇന്റര്‍നെറ്റ് സെന്‍സര്‍ ബോര്‍ഡ് ആയ Roskomnadzor ഓര്‍മ്മിപ്പിച്ചു: നിലവിലുള്ള സൈനിക നടപടിയെ 'അധിനിവേശം', 'ആക്രമണം' അല്ലെങ്കില്‍ 'യുദ്ധ പ്രഖ്യാപനം' എന്നിങ്ങനെ പരാമര്‍ശിക്കുന്നത് കുറ്റകരമാണ്. വെബ്‌സൈറ്റ് തടയപ്പെടുന്നതിന് ഇതിടയാക്കും. പ്രതിഷേധക്കാര്‍ യുദ്ധവിരുദ്ധ പ്രകടനം നടത്തുന്നത് തടയാനാണ് ഭരണകൂടം വിചിത്ര ഉത്തരവുകള്‍ പുറത്തിറക്കുന്നത്. യുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമ പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുദ്ധം പ്രമേയമാക്കിയുള്ള സാമൂഹിക പഠന ക്ലാസുകള്‍ റഷ്യയിലുടനീളമുള്ള സ്‌കൂളുകളില്‍ നടക്കുന്നു. അധ്യാപകര്‍ ചരിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക നിലപാടും ക്രെംലിന്റെ 'പ്രത്യേക പ്രവര്‍ത്തനം' എന്താണെന്നുമെല്ലാം കുട്ടികളോട് പറയണമെന്നാണു നിര്‍ദ്ദേശം. ഇതിനായി അംഗീകൃത രേഖകള്‍ സ്‌കൂള്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നുമുണ്ട്.

ഉക്രെയ്‌നില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യയിലെ നഗരങ്ങളില്‍ പുടിനെതിരെ വലിയ വിമര്‍ശനമാണ്. ആക്രമണത്തെ അപലപിച്ച് ആയിരക്കണക്കിന് പ്രതിഷേധങ്ങള്‍ നടക്കുന്നു. 'യുദ്ധം അവസാനിപ്പിക്കണം, ഇത് രാജ്യത്തിന് നാണക്കേടാണ്, ഉക്രെയ്ന്‍ നമ്മുടെ ശത്രുക്കളല്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ പ്രകടനം നടത്തുന്നത്. അനാവശ്യമായ യുദ്ധത്തില്‍ നിന്നും പുടിന്‍ പിന്മാറണമെന്ന്് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.ഒപ്പു ശേഖരണവും പുരോഗമിക്കുന്നു.

യുദ്ധം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റഷ്യയുടെ തെരുവുകളില്‍ പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യ ദിവസം ആയിരത്തോളം പേരാണ് അറസ്റ്റിലായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുടിനെതിരെ പ്രതിഷേധം ശക്തമായി വരികയായിരുന്നു. ഏഴായിരത്തിലധികം പേര്‍ ഇതുവരെ ജയിലിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എന്നാല്‍ അറസ്റ്റിലായവരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങ് വരുമെന്ന് റഷ്യയിലെ ചില മാധ്യമങ്ങള്‍ തന്നെ പറയുന്നു. ഓരോ ദിവസം പിന്നിടും തോറും പ്രതിഷേധക്കാരുടെ എണ്ണം കൂടുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.