യുദ്ധത്തിന് പ്രേരിപ്പിക്കുന്നു; ഗൂഗിളിനെയും ഫേസ്ബുക്കിനെയും കടന്നാക്രമിച്ച് റഷ്യ

യുദ്ധത്തിന് പ്രേരിപ്പിക്കുന്നു; ഗൂഗിളിനെയും ഫേസ്ബുക്കിനെയും കടന്നാക്രമിച്ച് റഷ്യ

മോസ്‌കോ: യുഎസ് ടെക്‌നോളജി വമ്പന്മാരായ ഗൂഗിളിനും ഫേസ്ബുക്കിനുമെതിരേ റഷ്യ. യുദ്ധത്തിന് പ്രേരണ നല്കുന്നതിന്റെ ഉത്തരവാദികള്‍ ഇരുകമ്പനികളുമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ടെക് കമ്പനികള്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നാണ് റഷ്യയുടെ ആരോപണം. വിവേചനപരമായിട്ടാണ് ഈ കമ്പനികള്‍ തങ്ങളോട് ഇടപെടുന്നതെന്നും റഷ്യ പറയുന്നു.

ഉക്രെയ്‌നില്‍ യുദ്ധം ആരംഭിച്ചശേഷം നിരവധി അന്താരാഷ്ട്ര കമ്പനികള്‍ റഷ്യയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. നിരവധി യുഎസ് കമ്പനികള്‍ റഷ്യയുമായുള്ള ബിസിനസ് അവസാനിപ്പിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകള്‍ ഇതിനോടകം തന്നെ റഷ്യയ്‌ക്കെതിരെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. റഷ്യയുടെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനാല്‍ ഗൂഗിളിനും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും റഷ്യയില്‍ നിയന്ത്രണങ്ങളുണ്ട്.

കഴിഞ്ഞദിവസം റഷ്യയിലെ ഏറ്റവും വലിയ ചാനലുകളിലൊന്നായ റഷ്യാടുഡേയ്ക്ക് യുട്യൂബ് വിലക്കേര്‍പ്പെടുത്തിയിരുന്നു. യൂറോപ്പില്‍ ലൈവ് സ്ട്രീം ചെയ്യാന്‍ ചാനലിന് യുട്യൂബ് അനുമതി നല്കുന്നില്ല. ഇതുകൂടാതെ മറ്റ് പ്രശസ്ത റഷ്യന്‍ വ്‌ളോഗര്‍മാര്‍ക്കും യുട്യൂബിന്റെ നിയന്ത്രണം വന്നിരുന്നു. ഗൂഗിള്‍ പരസ്യം റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അനുമതിയും യുട്യൂബ് എടുത്തു കളഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.