യുദ്ധത്തിന്റെ തല്‍സമയ റിപ്പോര്‍ട്ടിംഗിനിടെ സ്റ്റുഡിയോക്കടുത്ത് ബോംബ് പൊട്ടി; അവതാരകന്‍ രക്ഷപ്പെടുന്ന വീഡിയോ വൈറല്‍

യുദ്ധത്തിന്റെ തല്‍സമയ റിപ്പോര്‍ട്ടിംഗിനിടെ സ്റ്റുഡിയോക്കടുത്ത് ബോംബ് പൊട്ടി; അവതാരകന്‍ രക്ഷപ്പെടുന്ന വീഡിയോ വൈറല്‍

കീവ്: റഷ്യന്‍ അധിനിവേശത്തിന്റെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വിവരിച്ചുള്ള തല്‍സമയ വാര്‍ത്താ റിപ്പോര്‍ട്ടിംഗിന്റെ സമാപന വേളയില്‍ തൊട്ടരികെ പതിച്ച മിസൈലില്‍ നിന്നും പൊട്ടിയ ബോംബില്‍ നിന്നും ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെ സി.ബി.എസ് ന്യൂസ് സ്റ്റുഡിയോ ഫ്‌ളോറില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ചാര്‍ലി ഡി അഗത ഓടി മാറി രക്ഷപ്പെടുന്നത് ഫുട്ടേജില്‍ വ്യക്തം.വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കകം ദശലക്ഷം കാഴ്ചക്കാരുണ്ടായി. ഉക്രെയ്നിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചാര്‍ലി ഡി അഗതയാണ് വീഡിയോയിലുള്ളത്. കീവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ പറയുന്ന വിവരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിനിടെ പെട്ടെന്നാണ് പിറകില്‍ വലിയ ബോംബ് സ്ഫോടനം നടക്കുന്നത്. ഇതിന്റെ ശബ്ദവും വെളിച്ചവും ക്യാമറയില്‍ പതിയുകയും അവതാരകന്‍ അമ്പരന്ന് പിറകിലോട്ട് നോക്കുകയും ചെയ്യുന്നത് കാണാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ രണ്ടാമത്തെ സ്ഫോടനവും അവതാരകന് പിറകില്‍ സംഭവിച്ചു. ഇതോടെ നിന്നിടത്ത് നിന്നും ഓടിരക്ഷപ്പെടുകയാണദ്ദേഹം.

അവതാരകന്‍ സാങ്കേതിക പ്രവര്‍ത്തകരോട് ചോദിക്കുന്നത് കേള്‍ക്കാം: 'എന്തായിരുന്നു അത്?... ഇത് മിന്നല്‍ പോലെയായിരുന്നു. വലിയ ഫ്‌ളാഷ് ഉണ്ടായിരുന്നു.' നിമിഷങ്ങള്‍ക്കുശേഷം, അതിലും വലിയ സ്ഫോടനം കീവിനെ കുലുക്കിയതോടെ ക്യാമറ ഓഫ് ആകുന്നു. അദ്ദേഹം പറയുന്നത് കേള്‍ക്കാം: 'അത് തൊട്ടടുത്തായിരുന്നു.' പിന്നീട് അഗത ട്വീറ്റ് ചെയ്തു: 'ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ രണ്ട് സ്‌ഫോടനങ്ങള്‍. കീവിലാണത് നടന്നത്.'\



ഉക്രെയ്നിലെ സ്ഥിതിഗതികള്‍ നിമിഷം തോറും രൂക്ഷമാകുമ്പോള്‍ വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ജീവനും അപകടത്തിലാണ്. കീവില്‍ പല പ്രധാനയിടങ്ങളിലും ഷെല്ലാക്രമണം രൂക്ഷമാണ്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം മൂന്ന് ദശലക്ഷം ആളുകളാണ് കീവില്‍ വസിച്ചിരുന്നത്. ഏറ്റവും വലിയ രണ്ടാമത്തെ ഉക്രേനിയന്‍ നഗരമായ ഖാര്‍കീവില്‍ കനത്ത പോരാട്ടം തുടരുകയാണെന്നും നഗരം കീഴടങ്ങിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഖേഴ്സണ്‍ നഗരം ഇതിനോടകം റഷ്യയുടെ പിടിയിലായി. ഒഡേസ ഉള്‍പ്പെടെയുള്ള മേഖലകള്‍ കൈക്കലാക്കാനാണ് റഷ്യന്‍ പട്ടാളത്തിന്റെ ഇപ്പോഴത്തെ നീക്കം.കീവ് വിട്ടിട്ടില്ലാത്ത ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഒരു പുതിയ വീഡിയോ തുടര്‍ന്നു പുറത്തിറക്കി, അര്‍ദ്ധരാത്രി മുതല്‍ നഗരങ്ങള്‍ക്കെതിരായ റഷ്യയുടെ ഷെല്ലാക്രമണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന കുറിപ്പോടെ.

https://twitter.com/i/status/1499180156325445640


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.