ഉക്രെയ്‌നിലെ സപറോഷ്യ ആണവ നിലയത്തില്‍ റഷ്യന്‍ ഷെല്ലാക്രമണം: റിയാക്ടറില്‍ തീ; ചെര്‍ണോവില്‍ 22 മരണം

ഉക്രെയ്‌നിലെ സപറോഷ്യ ആണവ നിലയത്തില്‍ റഷ്യന്‍ ഷെല്ലാക്രമണം: റിയാക്ടറില്‍ തീ; ചെര്‍ണോവില്‍ 22 മരണം

കീവ്: ഉക്രെയ്‌നിലെ ഏറ്റവും വലിയ ആണവ നിലയമായ സപറോഷ്യയില്‍ റഷ്യ ഷെല്ലാക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആണവ നിലയത്തില്‍ തീയും പുകയും കണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ ഷെല്ലുകള്‍ ആണവ നിലയത്തില്‍ നേരിട്ട് പതിക്കുകയായിരുന്നുവെന്ന് സപറോഷ്യാ വക്താവ് ആന്‍ഡ്രി ടസ് ഉക്രേനിയന്‍ ടെലിവിഷനോട് പറഞ്ഞു. ആറ് റിയാക്ടറുകളില്‍ ഒന്നില്‍ തീ പിടിച്ചു. പ്രസ്തുത റിയാക്ടറില്‍ നവീകരണ പ്രക്രീയ നടക്കുന്നതിനാല്‍ പ്രവര്‍ത്തന ക്ഷമമല്ലായിരുന്നുവെന്നും  എന്നാല്‍ അതിനുള്ളില്‍ ആണവ ഇന്ധനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ തന്നെ രണ്ടാമത്തെ വലിയ ആണവ നിലയമാണ് സപറോഷ്യ. റഷ്യന്‍ സൈന്യം ഇത് വളഞ്ഞു കഴിഞ്ഞു.

അതിനിടെ ചെര്‍ണോവിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് സ്‌കൂളുകളും സ്വകാര്യ കെട്ടിടങ്ങളും തകര്‍ന്നു. അതേസമയം കീവിനെ ലക്ഷ്യം വച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് ഉക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു.

ഇതുവരെ 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഉക്രെയ്‌ന്റെ അവകാശവാദം. തങ്ങളുടെ 498 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ വെളിപ്പെടുത്തിയിരുന്നു. റഷ്യന്‍ മേജര്‍ ജനറല്‍ ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടെന്നും 2,870 ഉക്രെയ്ന്‍ സൈനികരെ തങ്ങള്‍ വധിച്ചെന്നും റഷ്യ അറിയിച്ചു.

ഒരാഴ്ച പിന്നിട്ട യുദ്ധം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഭയാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. ഈ നില തുടര്‍ന്നാല്‍ ഉക്രെയ്‌നിലെ 40 ലക്ഷം ജനങ്ങളെങ്കിലും പലായനം ചെയ്യുമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.