'ഒന്നര മണിക്കൂര്‍ പുടിനോട് സംസാരിച്ചു; ഏറ്റവും മോശം വരാനിരിക്കുന്നതേയുള്ളൂ': ഇനി പ്രതീക്ഷയില്ലെന്നും മക്രോണ്‍

'ഒന്നര മണിക്കൂര്‍ പുടിനോട് സംസാരിച്ചു; ഏറ്റവും മോശം വരാനിരിക്കുന്നതേയുള്ളൂ': ഇനി പ്രതീക്ഷയില്ലെന്നും മക്രോണ്‍

പാരീസ്: പുടിന്‍ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുന്നതിനാല്‍ സമാധാന ശ്രമങ്ങളില്‍ ഇനി പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സിന്റെ പ്രതികരണം.

ഉക്രെയ്ന്റെ നിരായുധീകരണം എന്ന നിലപാടില്‍ പുടിന്‍ ചര്‍ച്ചയില്‍ ഉടനീളം ഉറച്ചു നിന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കടുത്ത നിലപാട് തന്നെ സൗദിയിലെ സല്‍മാന്‍ രാജകുമാരനുമായി സംസാരിച്ചപ്പോഴും പുടിന്‍ തുടര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

90 മിനുട്ടോളം റഷ്യന്‍ പ്രസിഡന്റും, ഫ്രഞ്ച് പ്രസിഡന്റും ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പുടിന്റെ മറുപടികളില്‍ ക്ഷുഭിതനായ പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍, 'നിങ്ങള്‍ നിങ്ങളോട് തന്നെ നുണ പറയുന്നു' എന്ന് പുടിനോട് പ്രതികരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഉക്രെയ്ന്‍ ജനതയും, റഷ്യന്‍ ജനതയും രണ്ടല്ല എന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ഏറ്റവും മോശം കാര്യങ്ങളാണ് വരാനിരിക്കുന്നത് എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ ചര്‍ച്ചയ്ക്ക് ശേഷമുള്ള പ്രതികരണം.

റഷ്യയ്ക്ക് മേല്‍ ലോക രാജ്യങ്ങള്‍ പലതും പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളും നാറ്റോയും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും പുടിന്‍ ഒരടി പോലും പുറകോട്ടില്ലെന്ന് ഉറപ്പാവുകയാണ്. ഉക്രെയ്‌നിലെ ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കും എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കിയത്.


ഉക്രെയ്‌നിലെ സൈനിക സംവിധാനം അവസാനിപ്പിക്കുക, റഷ്യയോടും നാറ്റോയോടും വിധേയത്വമില്ലാതെ നിലനിര്‍ത്തുക എന്നിവയാണ് ലക്ഷ്യമെന്നും അത് നിറവേറ്റുമെന്നും പുടിന്‍ മക്രോണിനോട് വ്യക്തമാക്കി. ഏത് തരത്തിലുള്ള ചര്‍ച്ചയും വൈകിപ്പിക്കുന്നത് ഉക്രെയ്‌നിലെ ഇപ്പോഴത്തെ ഭരണകൂടമാണെന്നും, ചര്‍ച്ച വൈകുന്തോറും ഉക്രെയ്ന്‍ സര്‍ക്കാരിനോട് റഷ്യ നടപ്പാക്കണമെന്ന ആവശ്യങ്ങള്‍ കൂട്ടുകയേ ഉള്ളൂവെന്നും പുടിന്‍ വ്യക്തമാക്കുന്നു.

''കൂടുതല്‍ മോശം ദിനങ്ങള്‍ വരാനിരിക്കുന്നു'' എന്നാണ് ഈ ഫോണ്‍ സംഭാഷണത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം ചര്‍ച്ചയിലുണ്ടായിരുന്ന ഫ്രഞ്ച് നയതന്ത്രപ്രതിനിധി വ്യക്തമാക്കിയത്. ഉക്രെന്‍ മുഴുവനായി പിടിച്ചടക്കുകയാണ് പുടിന്റെ ലക്ഷ്യമെന്നും ഒരു തരത്തിലും ആശ്വാസം നല്‍കുന്ന വിവരം പുടിന്‍ നല്‍കിയില്ലെന്നും നിലവിലെ നടപടികളുമായി മുന്നോട്ട് പോകുകയാണ് തീരുമാനമെന്നും ഫ്രഞ്ച് പ്രതിനിധി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.