വാഷിംഗ്ടണ്‍:
റഷ്യ- ഉക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ യൂറോപ്പ് സന്ദര്‍ശിക്കാന്‍ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് . അടുത്ത ആഴ്ച ഉക്രെയ്‌നിന്റെ അയല്‍ രാജ്യങ്ങളായ പോളണ്ടും റുമാനിയയും കമല സന്ദര്‍ശിക്കുമെന്നും നാറ്റോ സഖ്യത്തിന്റെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും പര്യടനമെന്നും വൈറ്റ് ഹൗസിലെ വൈസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു.
പോളണ്ടിലെ വാഴ്‌സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലും മാര്‍ച്ച് ഒമ്പത് മുതല്‍ 11 വരെയായിരിക്കും സന്ദര്‍ശനം. യുറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള യു.എസിന്റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു.
ഇരു രാജ്യങ്ങളിലേയും രാഷ്ട്രത്തലവന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യയുടെ ഏകപക്ഷീയ അധിനിവേശത്തിനെതിരെ നീങ്ങേണ്ടതിന്റെ ആവശ്യകത യു.എസ് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടും. ഇനി ഉക്രെയ്‌നെ ഏത് തരത്തിലാവും അമേരിക്ക സഹായിക്കുകയെന്ന് കമല ഹാരിസ് വിശദീകരണം നടത്തും.
റഷ്യയുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്കുള്ള യുഎസ് പിന്തുണയും കമല ഹാരിസ് വിലയിരുത്തും. ഉക്രെയ്‌നിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ഒരുമിച്ചുള്ള പ്രവര്‍ത്തനവുമുണ്ടാകുമെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ, നാറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. ഉക്രെയ്‌നിലെ ഗ്രാമങ്ങളും നഗരങ്ങളും ഇല്ലാതാക്കാന്‍ റഷ്യയ്ക്ക് നാറ്റോ പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്ന് സെലെന്‍സ്‌കി ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.