അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 06
ഫ്രാന്‍സിലെ പിക്കാര്‍ഡിയിലുള്ള കാല്‍സിയിലെ ബോയിലെറ്റെ എന്ന തച്ചന്റെ മകളായി 1381 ജനുവരി 13 നാണ് കോളെറ്റ് ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ സന്യാസ ജീവിതത്തോട് ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന കോളെറ്റിന് പതിനേഴാം വയസില്‍ മാതാപിതാക്കളെ നഷ്ടമായി. തുടര്‍ന്ന് പിക്കാര്‍ഡി ദേവാലയത്തിനരികെ ഒരു കുടിലില്‍ അവള്‍ താമസമാക്കി.
ആദ്യം ബെനഡിക്ടന്‍ സഭയിലും പിന്നീട് ബെഗൂവിന്‍സ് സഭയിലും ചേര്‍ന്ന കോളെറ്റ് വൈകാതെ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തതിനു ശേഷം വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നു. അവള്‍ക്ക് 21 വയസായപ്പോള്‍ ആശ്രമാധിപ കോളെറ്റിന് കോര്‍ബി ദേവാലയത്തിനു സമീപമുള്ള ഒരാശ്രമം നല്‍കി. അവള്‍ അവിടെ വളരെ അച്ചടക്കത്തോട് കൂടിയ ആശ്രമ ജീവിതമാരംഭിച്ചു.
1406 ല്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ ഒരു ദര്‍ശനം കോളെറ്റിന് ലഭിച്ചു. പൂവര്‍ ക്ലെയേഴ്സിന്റെ സഭയില്‍ ചേര്‍ന്ന് സഭയെ നവീകരിക്കണമെന്നായിരുന്നു ഫ്രാന്‍സീസ് അസീസി ആവശ്യപ്പെട്ടത്. ഏറെ തടസങ്ങളുണ്ടായിരുന്നെങ്കിലും ഫ്രാന്‍സീസ് അസീസിയുടെ നിര്‍ദേശ പ്രകാരം മൂന്നോട്ടു നീങ്ങാന്‍ കോളെറ്റിനു കഴിഞ്ഞു. 17 സന്യാസ മഠങ്ങള്‍ സ്ഥാപിച്ചു. ഇതിനു പുറമേ ഫ്രാന്‍സിസ്‌കന്‍ ഫ്രിയാര്‍സിന്റെ ഉള്‍പ്പെടെ നിരവധി ഭവനങ്ങള്‍ നവീകരിക്കുകയും ചെയ്തു.
വിശുദ്ധ ഫ്രാന്‍സിസിനെപോലെ വിശുദ്ധ കോളെറ്റിനും യേശുവിന്റെ സഹനങ്ങളോട് അപാരമായ ഭക്തിയുണ്ടായിരുന്നു. മൃഗങ്ങളോടുപോലും വിശുദ്ധ ദയയും ശ്രദ്ധയും കാണിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും അവള്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഉപവസിക്കുകയും യേശുവിന്റെ പീഡനങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക പതിവായിരുന്നു.
നിരവധി മഠങ്ങള്‍ സ്ഥാപിച്ച വിശുദ്ധ, ഫ്‌ളാണ്ടേഴ്‌സില്‍ വെച്ച് രോഗത്തിന് അടിപ്പെട്ടു. തന്റെ മരണത്തെക്കുറിച്ച് അവള്‍ക്ക് ബോധ്യം ലഭിക്കുകയും അന്ത്യകൂദാശകള്‍ യഥാവിധി സ്വീകരിക്കുകയും ചെയ്തു. വിശുദ്ധയ്ക്ക് 66 വയസായപ്പോള്‍ 1447 മാര്‍ച്ച് ആറിന് ഹെന്റിലെ മഠത്തില്‍ വിശുദ്ധ മരണമടഞ്ഞു. ചക്രവര്‍ത്തിയായ ജോസഫ് രണ്ടാമന്‍ ആത്മീയ ഭവനങ്ങള്‍ നശിപ്പിച്ചു കൊണ്ടിരുന്ന കാലമായതിനാല്‍ വിശുദ്ധയുടെ മൃതശരീരം സന്യാസിനീമാര്‍ പോളിഗ്‌നി മഠത്തിലേക്ക് മാറ്റി. 1807 ല്‍ കോളെറ്റ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സ്‌കോട്ട്‌ലന്‍ഡിലെ കാഡ്രോ
2. ലിന്റിസുഫാണിലെ ബില്‍ഫ്രിഡ്
3. സ്‌കോട്ട്‌ലന്‍ഡിലെ ബാള്‍ഡ്രെഞ്ച്
4. ബൊളോഞ്ഞോ ബിഷപ്പായ ബാസില്‍
5. വിക്ടര്‍, വിക്ടോറിനൂസ്, ക്ലൗഡിയന്‍, ബാസോ.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26