ഖാര്‍കീവിലെ മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി കേന്ദ്രം; ശ്രദ്ധ ഇനി സുമിയില്‍

 ഖാര്‍കീവിലെ മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി കേന്ദ്രം; ശ്രദ്ധ ഇനി സുമിയില്‍

ന്യൂഡല്‍ഹി: ഖാര്‍കീവിലെ മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി കേന്ദ്രം വ്യക്തമാക്കി. കിഴക്കന്‍ ഉക്രെയ്‌നിലെ സുമി മേഖലയില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമാക്കുന്ന നടപടി ദുഷ്‌കരമായിരിക്കെ, റഷ്യ, ഉക്രെയ്ന്‍ സര്‍ക്കാരുകളില്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു പുറത്തേക്കു കടക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കാനാണ് ആവശ്യപ്പെടുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ഇന്ത്യയ്ക്ക് ആശങ്ക നല്‍കിയ പിസോചിന്‍, ഹര്‍കീവ് മേഖലയില്‍ ഇനി ഇന്ത്യക്കാരില്ലെന്ന് ഏകദേശം ഉറപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക കണക്കിലുള്ളവരെ ഇവിടെ നിന്നു പൂര്‍ണമായും ഒഴിപ്പിച്ചു. ഇനി പൂര്‍ണ ശ്രദ്ധ സുമി മേഖലയിലാണ്.

സുരക്ഷ ഉറപ്പാക്കണമെന്നും അപകടസാധ്യതയുള്ള പ്രവൃത്തി ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വിദ്യാര്‍ഥികളോടു നിര്‍ദേശിച്ചു. പുറത്തിറങ്ങാതെ താമസ കേന്ദ്രങ്ങളില്‍ തന്നെ തുടരാനും നിര്‍ദേശമുണ്ട്. ഇവരെ സുരക്ഷിതമായി മാറ്റാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയും ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ മുഴുവന്‍ പൗരന്മാരെയും സുരക്ഷിതരാക്കുന്നതുവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും എംബസി വ്യക്തമാക്കി. സുമിയില്‍ മാത്രം 700 പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കുന്നത്.

റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നു കേവലം 60 കിലോ മീറ്റര്‍ മാത്രം അകലെയുള്ള സുമിയില്‍ വെള്ളിയാഴ്ച വരെ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം 700 ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലാണ് വിദ്യാര്‍ഥികളേറെയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.