മാനുഷിക ഇടനാഴി-പരസ്പരം പഴി ചാരി ഉക്രെയ്‌നും റഷ്യയും: ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ വൈകുന്നു

മാനുഷിക ഇടനാഴി-പരസ്പരം പഴി ചാരി ഉക്രെയ്‌നും റഷ്യയും: ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ വൈകുന്നു

കീവ്: മരിയുപോളിൽ നിന്നും വോൾനോവാഖയിൽ നിന്നും സിവിലിയന്മാരെ സഹായിക്കാൻ റഷ്യ പ്രഖ്യാപിച്ച താൽക്കാലിക വെടിനിറുത്തലിനോട് ഉക്രെയ്‌ൻ സഹകരിക്കുന്നില്ല എന്ന് റഷ്യ ആരോപിച്ചു. എന്നാൽ റഷ്യ വെടിനിറുത്തൽ പാലിക്കുന്നില്ല എന്ന് ഉക്രെയ്‌നും  ആരോപിക്കുന്നു.

റഷ്യയുടെ മാനുഷിക ഇടനാഴി എന്ന വാഗ്ദാനം ഉക്രെയ്‌ൻ നിരസിക്കുകയും ഉക്രെയ്‌ൻ സൈന്യവും അധികാരികളും ആളുകളെ പുറത്തേക്കു കടക്കുന്നതിൽ നിന്നും തടയുകയും ചെയ്യുകയാണ്. ഐക്യ രാഷ്ട്ര രക്ഷാസമിതി ഇത്തരം ലംഘനങ്ങൾ കാണുന്നില്ലേ എന്നും റഷ്യ ചോദിക്കുന്നു. സിവിലിയൻ താമസ സ്ഥലങ്ങൾക്ക് സമീപം ആയുധങ്ങൾ ശേഖരിക്കുന്നതായും ഉക്രെയ്നിലെ ‘അർദ്ധസൈനിക തീവ്രവാദികൾ’ വിദേശികളെ ലക്ഷ്യമിടുന്നതായും റഷ്യ ആരോപിച്ചു.

റഷ്യയും ഉക്രെയ്‌നും പരസ്പരം പഴി ചാരുമ്പോൾ ഉക്രെയ്‌നിലെ ഖാർഖീവിലും സുമിയിലും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുൾപ്പടെയുള്ള വിദേശികളുടെ നില ദിവസം കഴിയ്ക്കും തോറും കൂടുതൽ കഷ്ടത്തിലാവുകയാണ്. വെള്ളമുൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഷെൽട്ടറുകളിൽ തന്നെ കഴിയുവാനാണ് ഇന്ത്യൻ എംബസ്സി ഇവിടങ്ങളിൽ ഉള്ളവരോട് ആവശ്യപ്പെടുന്നത്. എന്നാൽ ചിലർ ഇത്തരം നിർദ്ദേശങ്ങൾ വക വയ്ക്കാതെ അതിർത്തി ലക്ഷ്യമാക്കി ചില വിദ്യാർഥികൾ   യാത്ര നടത്തുന്നത് ഇന്ത്യൻ സർക്കാരിനെ അതീവ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

ഉക്രെയ്നിന്റെ പ്രതിരോധത്തിന്റെ 11-ാം ദിവസം. കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിൽ റഷ്യൻ ആക്രമണകാരികൾ പരാജയപ്പെടുന്നതായി കീവ് ഇൻഡിപെൻഡന്റ് എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു. റഷ്യ കീഴടക്കിയ മരിയുപോളിൽ കുടുങ്ങിയ സാധാരണ ജനങ്ങൾക്ക് രക്ഷപെടാൻ സുരക്ഷിത ഇടനാഴി റഷ്യ അനുവദിക്കുന്നില്ല , പകരം വെടിയുതിർക്കുകയും കുട്ടികളെപ്പോലും കൊല്ലുകയും ചെയ്യുന്നതായി ഉക്രെയ്‌ൻ പറയുന്നു.
ഉക്രെയ്‌ൻ തലസ്ഥാനമായ കീവിൽ ഒരു സ്ത്രീ റഷ്യൻ ഡ്രോൺ, ബാൽക്കണിയിൽ നിന്ന് വെള്ളരിക്ക അച്ചാറു കുപ്പി ഉപയോഗിച്ച് എറിഞ്ഞു താഴെ വീഴ്ത്തിയത് ഉക്രെയ്‌ൻകാരുടെ ജനകീയ പ്രതിരോധത്തിന് ഉദാഹരണമായി സോഷ്യൽ മീഡിയ ചൂണ്ടികാണിക്കുന്നു.
റഷ്യൻ വ്യോമാക്രമണങ്ങളെ ഒഴിവാക്കാൻ ഉക്രെയ്‌നിന് മുകളിൽ ഒരു നോ-ഫ്ലൈ സോൺ സ്ഥാപിക്കണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവർത്തിച്ച് ആവശ്യപെടുന്നു. അതിനു സാധിക്കുന്നില്ലെങ്കിൽ കുറച്ചു ഫൈറ്റർ വിമാനങ്ങൾ എങ്കിലും തരിക എന്ന് അദ്ദേഹം അപേക്ഷിച്ചു.

ഉക്രേനിയൻ രാജ്യം കൂടുതൽ അപകടത്തിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്നലെ മുന്നറിയിപ്പ് നൽകി. റഷ്യയ്‌ക്കെതിരായ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണ്. അവർ ചെയ്യുന്നത് തുടരുകയാണെങ്കിൽ, അവർ ഉക്രേനിയൻ രാജ്യത്തിന്റെ തന്നെ ഭാവിയെ ചോദ്യം ചെയ്യുന്നുവെന്ന് പുടിൻ പ്രസ്താവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.