ഹോനെ ഷ്യുസ്ത് ഓയി : ക്രിസ്റ്റല്‍ പഠനത്തിന്റെ പിതാവ്

ഹോനെ ഷ്യുസ്ത് ഓയി : ക്രിസ്റ്റല്‍ പഠനത്തിന്റെ പിതാവ്

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം.

ഫ്രാന്‍സില്‍ 1743 ഫെബ്രുവരി 28 നാണ് ഹോനെ ഷ്യുസ്ത് ഓയി ജനിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നിര്‍ധനനായ തുണി വ്യാപാരിയായിരുന്നു. ചെറുപ്പം മുതല്‍ സംഗീതത്തോടുണ്ടായിരുന്ന താല്‍പര്യമാണ് അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ ആ ദൈവാലയത്തിലെ സന്യാസിയെ പ്രേരിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ഓയിയുടെ അപാരമായ ബുദ്ധിവൈഭവം അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസം ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ അവര്‍ ചെയ്തു കൊടുത്തു.

മിനറലുകളെക്കുറിച്ചുള്ള പഠനത്തില്‍ വളരെ അവഗാഹം സിദ്ധിച്ച ആളായിരുന്നു ഹോനെ ഷ്യുസ്ത് ഓയി. ക്രിസ്റ്റലുകളെക്കുറിച്ചുള്ള പഠനത്തിന്റെ പിതാവ് എന്ന് അദ്ദേഹം ഇന്ന് അറിയപ്പെടുന്നു. ദൈവശാസ്ത്ര പഠനത്തിനുശേഷം അദ്ദേഹം ഒരു ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ വെച്ചു 21 വര്‍ഷങ്ങള്‍ നവാറായിലെ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി സേവനം ചെയ്തു. 1802 ല്‍ പാരിസിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ അദ്ദേഹം മിനറലോജി അധ്യാപകന്‍ ആയി. 1809 ല്‍ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ സമാനമായ പദവിയില്‍ നിയമിക്കപ്പെട്ടു.

ഹോനെ ഷ്യുസ്ത് ഓയിക്ക് ക്രിസ്റ്റലോഗ്രഫിയില്‍ താല്‍പര്യം ജനിക്കുന്നതിനു പിന്നില്‍ ഒരു സംഭവമുണ്ട്. ഒരു കാല്‍സൈറ്റ് കഷ്ണം ഒരിക്കല്‍ ആകസ്മികമായി പൊട്ടി. അതിന്റെ ചീളുകള്‍ പരിശോധിച്ചപ്പോള്‍ അവ നേര്‍രേഖയില്‍ ഒരു പ്രത്യേക ആംഗിളില്‍ കണ്ടുമുട്ടുന്നു എന്ന് മനസിലാക്കി. പിന്നീട് അദ്ദേഹം കാല്‍സൈറ്റിന്റെ കൂടുതല്‍ കഷ്ണങ്ങള്‍ പൊട്ടിച്ചുനോക്കി.

ഏത് ആകൃതിയിലുള്ള കഷ്ണം പൊട്ടിച്ചാലും ഉള്ളിലെ നേര്‍രേഖകള്‍ സമാനമാണ് എന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പഠനമാണ് ക്രിസ്റ്റല്‍ ഘടനയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിച്ചത്. റോംബസ് ആകൃതിയിലാണ് ക്രിസ്റ്റലുകള്‍ രൂപപ്പെട്ടത് എന്നത് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വെളിവാക്കി.1781 ലാണ് ഇത് സംഭവിക്കുന്നത്.

Treatise on Mineralogy എന്ന അദ്ദേഹത്തിന്റെ പുസ്തകം 1801 ലും Treatise on Crystallography എന്ന മൂന്നു വാല്യങ്ങളുള്ള പുസ്തകം 1822 ലും പുറത്തിറങ്ങി. അദ്ദേഹത്തിന്റെ Mineralogy പുസ്തകത്തിന്റെ അഞ്ചാം വാല്യത്തില്‍ 600 ഓളം ധാതുക്കളുടെ ഘടന വരച്ചു വിശദീകരിച്ചിട്ടുണ്ട്. ഓയിയുടെ അഭിപ്രായത്തില്‍ ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നതിന് ആറ് വ്യത്യസ്ത രീതികളുണ്ട്. അവയില്‍ ഏതെങ്കിലും ഒരു രീതിയില്‍ ആയിരിക്കും ഓരോ ക്രിസ്റ്റലും രൂപപ്പെടുന്നത്.

ഇതനുസരിച്ചു പുതിയ മോളിക്യൂളുകള്‍ രൂപം നല്‍കുന്ന ക്രിസ്റ്റലുകളുടെ മുഖത്തിന്റെ ആംഗിള്‍ കൃത്യമായി പ്രവചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പില്‍ക്കാലത്തു അദ്ദേഹത്തിന്റെ പഠനങ്ങള്‍ വിമര്‍ശിക്കപ്പെടുകയുണ്ടായി. 1819 ല്‍ Eilhard Mitscherlich രണ്ടു വ്യത്യസ്ത വസ്തുക്കള്‍ക്ക് ഒരേ ക്രിസ്റ്റലൈന്‍ ഘടന ഉണ്ടാകാം എന്ന ആശയം പിന്‍പറ്റി അദ്ദേഹത്തെ വിമര്‍ശിച്ചു. ഐസോമോര്‍ഫിസം എന്നാണ് ഇതിന്റെ പേര്.

ഓയി എന്നാല്‍ Mitscherlich ന്റെ വാദങ്ങള്‍ ഖണ്ഡിച്ചു. അദ്ദേഹം ക്രിസ്റ്റലുകള്‍ക്ക് രൂപപ്പെടുത്തിയ നിയമങ്ങളാണ് പിന്നീട് ധാതുക്കളുടെ പഠനത്തിന് അദ്ദേഹം ഉപയോഗിച്ചതും അവയെ ക്രോഡീകരിക്കാന്‍ സഹായിച്ചതും. Tableau comparatif (Comparative Table) എന്ന പേരില്‍ ധാതുക്കളുടെ ക്രോഡീകരണം സംബന്ധിച്ചു ഒരു പുസ്തകം 1809 ല്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.

പൈറോ ഇലക്ട്രിസിറ്റി മേഖലയിലും ഹോനെ ഷ്യുസ്ത് ഓയി പഠനങ്ങള്‍ നടത്തി. ചില വസ്തുക്കള്‍ക്ക് അവ ചൂടാക്കുമ്പോഴോ തണുപ്പിക്കുമ്പോഴോ താല്‍ക്കാലികമായി വോള്‍ട്ടജ് ഉത്പാദിപ്പിക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് പൈറോ ഇലക്ട്രിസിറ്റി പ്രവര്‍ത്തിക്കുന്നത്. ഈ പഠനങ്ങളുടെയെല്ലാം വെളിച്ചത്തില്‍ ഒരു ധാതുവിന് ഓയി (Hauyne) എന്ന പേരാണ് നല്‍കിയിരിക്കുന്നത്. Na3CaO12 എന്ന രസ ഫോര്‍മുലയുള്ള ഈ ധാതു നീല, വെള്ള, പച്ച, മഞ്ഞ നിറങ്ങളില്‍ കാണപ്പെടാറുണ്ട്.

1783 ല്‍ തന്റെ നാല്‍പതാം വയസില്‍ അദ്ദേഹം അക്കാദമി ഓഫ് സയന്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടു പിറ്റേ വര്‍ഷം 1784 ല്‍ Essay in the Structure of Crystals എന്ന പുസ്തകം പുറത്തിറക്കി. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളില്‍ ആദ്യത്തേതാണ് ഈ പുസ്തകം. ഫ്രഞ്ച് വിപ്ലവകാലത്ത് കുറച്ചുകാലം ഓയി തന്റെ പദവികളില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും കുറച്ചുകാലം ജയിലില്‍ കിടക്കുകയും ചെയ്തു.

പാരിസിലെ മ്യൂസിയത്തില്‍ എത്തുന്നതിനുമുമ്പ് കുറച്ചകാലം അദ്ദേഹം സ്‌കൂള്‍ ഓഫ് മൈന്‍സില്‍ ധാതുക്കളുടെ സംരക്ഷകനായും തൂക്കത്തിന്റെയും അളവുകളുടെയും കമ്മീഷന്റെ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു.

ഹോനെ ഷ്യുസ്ത് ഓയിയുടെ സ്വന്തം സഹോദരന്‍ വാലെന്റിന്‍ ആണ് പാരീസില്‍ അന്ധര്‍ക്കായി ആദ്യ വിദ്യാലയം ആരംഭിക്കുന്നത്. സഹോദരങ്ങള്‍ രണ്ടുപേരും ഒരുമിച്ചാണ് പാരിസിലെ Pere Lachaise സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. 1822 ജൂണ്‍ മൂന്നിനാണ് അദ്ദേഹം മരണമടഞ്ഞത്. മരണം വരെയും അദ്ദേഹം അധ്യാപനവും ശാസ്ത്രാന്വേഷണവും കാര്യക്ഷമമായി തുടര്‍ന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.