മുംബൈ: നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ (എന്‍എസ്ഇ) ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ സിഇഒ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. സിബിഐ ഇന്നലെ രാത്രിയാണ് ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തത്. സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. 2013 മുതല്‍ 2016 വരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡി ആയിരുന്നു ചിത്ര.
ഈ കാലയളവില്‍ പല തിരിമറികളും നടന്നെന്നാണ് കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താല്‍പര്യപ്രകാരമാണ് താന്‍ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്രയുടെ മറുപടി. ചിത്ര രാമകൃഷ്ണയിലൂടെ എന്‍എസ്ഇയെ നിയന്ത്രിച്ച 'ഹിമാലയത്തിലെ യോഗി' മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്‌മണ്യന്‍ തന്നെയാണെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായി. യോഗിയെന്ന് പറഞ്ഞ് ചിത്ര രാമകൃഷ്ണ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ചതാണെന്നാണ് സിബിഐയുടെ ഇപ്പോഴത്തെ നിഗമനം.
എന്‍എസ്ഇ എംഡിയായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് അജ്ഞാതന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ക്രമക്കേടുകളുടെ പേരില്‍ ചിത്രയ്ക്ക് സെബി മൂന്നു കോടി രൂപ പിഴ ചുമത്തിയിരുന്നു. 2013 ഏപ്രില്‍ മുതല്‍ 2016 വരെയാണ് ചിത്ര രാമകൃഷ്ണ എന്‍എസ്ഇ എംഡിയും സിഇഒയുമായി പ്രവര്‍ത്തിച്ചത്. വേണ്ടത്ര പ്രവര്‍ത്തന പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്‌മണ്യന്റെ നിയമനം, സ്ഥാനക്കയറ്റം, ഉയര്‍ന്ന ശമ്പളം എന്നിവയിലെല്ലാം ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയ സെബി ചിത്ര രാമകൃഷ്ണയ്ക്ക് പിഴ ചുമത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.