'ഉക്രെയ്നില്‍ ഒഴുകുന്നത് രക്തത്തിന്റെയും കണ്ണീരിന്റെയും നദികള്‍; ഇത് സൈനിക ദൗത്യമല്ല, യുദ്ധം തന്നെയാണ്': മാര്‍പ്പാപ്പ

'ഉക്രെയ്നില്‍ ഒഴുകുന്നത് രക്തത്തിന്റെയും കണ്ണീരിന്റെയും നദികള്‍;  ഇത് സൈനിക ദൗത്യമല്ല, യുദ്ധം തന്നെയാണ്': മാര്‍പ്പാപ്പ

വത്തിക്കാന്‍: ഉക്രെയ്നില്‍ റഷ്യ തുടരുന്ന ആക്രമണങ്ങളെ അപലപിച്ചും ശക്തമായി പ്രതിഷേധിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ. തങ്ങള്‍ നടത്തുന്നത് പ്രത്യേക സൈനിക ദൗത്യമാണെന്ന റഷ്യന്‍ വാദത്തെ തള്ളിക്കളഞ്ഞ മാര്‍പാപ്പ ഉക്രെയ്നില്‍ രക്തത്തിന്റെയും കണ്ണീരിന്റെയും നദികളാണ് ഒഴുകുന്നതെന്നും പറഞ്ഞു.

രക്തസാക്ഷിത്വത്തിലേക്ക് പോകുന്ന ആ രാജ്യത്തിന് മാനുഷിക സഹായത്തിന്റെ ആവശ്യകത വര്‍ധിക്കുകയാണ്. സമാധാനത്തിനും മാനുഷിക ഇടനാഴികള്‍ സൃഷ്ടിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ തുടരണം. ഇതൊരു സൈനിക നടപടിയല്ല, മരണവും നാശവും ദുരിതവും വിതയ്ക്കുന്ന യുദ്ധമാണ്. യുദ്ധം ഭ്രാന്താണ്, ദയവായി അത് അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമത്തെ ബഹുമാനിക്കുന്നതിലേക്ക് മടങ്ങാമെന്ന് മാര്‍പാപ്പ റഷ്യയോട് അഭ്യര്‍ത്ഥിച്ചു.

സമാധാന പ്രവര്‍ത്തനങ്ങളും സേവനങ്ങളും ഏകോപിപ്പിക്കാന്‍ രണ്ട് റോമന്‍ കത്തോലിക്കാ കര്‍ദ്ദിനാള്‍മാര്‍ ഉക്രെയ്‌നിലേക്ക് പോയിട്ടുണ്ടെന്നും മാര്‍പാപ്പ അറിയിച്ചു. മാര്‍പാപ്പയുടെ പതിവ് ഞായറാഴ്ച പ്രസംഗം കേള്‍ക്കാന്‍ നിരവധി ആളുകള്‍ കൂടിയിരുന്നു. ചിലര്‍ ബഹുവര്‍ണ സമാധാന പതാകകള്‍ ഉയര്‍ത്തി. മറ്റു ചിലര്‍ ഉക്രെയ്ന്റെ നീലയും മഞ്ഞയും നിറമുള്ള പതാകകള്‍ ഉയര്‍ത്തിയാണ് മാര്‍പാപ്പയുടെ പ്രസംഗം ശ്രവിച്ചത്.

അതേസമയം, യുക്രെയ്നില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ യുദ്ധമെന്ന് വിശേഷിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനിലെ ഉക്രെയ്ന്‍ സ്ഥാനപതി ആന്‍ഡ്രി യുറാഷ് പ്രശംസിച്ചു. അദ്ദേഹം അങ്ങനെ പറഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് യുറാഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഉക്രെയ്‌നില്‍ നടക്കുന്നത് യുദ്ധമല്ല, സൈനിക നടപടിയാണെന്നാണ് റഷ്യയുടെ ന്യായീകരണം. യുദ്ധം എന്ന വാക്ക് പോലും ഉപയോഗിക്കാന്‍ പാടില്ലെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് പുടിന്‍ ഭരണകൂടം പ്രത്യേക ഉത്തരവ് നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ തടവറയാണ് ശിക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.