ഒരു സീറ്റും ഒമ്പത് നേതാക്കളും... ആര്‍ക്കടിക്കും 'രാജ്യസഭാ ബംബര്‍'?..

ഒരു സീറ്റും ഒമ്പത് നേതാക്കളും... ആര്‍ക്കടിക്കും 'രാജ്യസഭാ ബംബര്‍'?..

കൊച്ചി: കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 31 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഏ.കെ. ആന്റണി (കോണ്‍ഗ്രസ്), കെ. സോമപ്രസാദ് (സിപിഎം), എം.വി. ശ്രേയാംസ് കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍ - എല്‍ജെഡി) എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.

ഇതില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാനാകും. എല്‍ജെഡിക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്ന സൂചനയൊഴിച്ചാല്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളിലേക്ക് സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ ഇതുവരെ കടന്നിട്ടില്ല.

എന്നാല്‍ യുഡിഎഫിലെ സ്ഥിതി അതല്ല. ആകെയുള്ള ഒരു സീറ്റ് കോണ്‍ഗ്രസിനുള്ളതാണ്. ഇനി മത്സരത്തിനില്ലെന്ന് ഏ.കെ ആന്റണി വ്യക്തമാക്കിയ സാഹചര്യത്തില്‍ മൂപ്പിളപ്പമില്ലാതെ സീറ്റിനായി ഒമ്പതോളം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്. മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, വി.എം സുധീരന്‍, മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി തോമസ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, അടുത്തയിടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ്, മഹാളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, യുവ നിരയില്‍ നിന്നുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം, ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡന്റ് എം ലിജു എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.


ഇവരില്‍ വി.എം സുധീരനൊഴികെയുള്ളവര്‍ പരിഗണനാ മാനദണ്ഡത്തിനായി തങ്ങളുടേതായ വാദഗതികള്‍ ഉന്നയിക്കുന്നുണ്ട്. സുധീരന് പ്രത്യേക വാദഗതികളൊന്നുമില്ല. ഒരു സീറ്റിനായി ഒമ്പത് നേതാക്കള്‍ പോരാടുമ്പോള്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ സീറ്റ് ഘടകകക്ഷിക്ക് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് സിഎംപിയിലെ സി.പി ജോണിന് തന്നെ ലഭിക്കും. കാരണം കഴിഞ്ഞ 38 വര്‍ഷമായി യുഡിഎഫിനൊപ്പമുള്ള പാര്‍ട്ടിയാണ് ചെറുതെങ്കിലും സിഎംപി. സി.പി ജോണാകട്ടെ നിയമസഭ കാണാന്‍ പോലും ഭാഗ്യം ലഭിക്കാത്ത നേതാവും. എന്നിരുന്നാലും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് സിഎംപിക്ക് നല്‍കാനുള്ള സാധ്യത വളരെ കുറവാണ്.

നിലവിലുള്ള കോണ്‍ഗ്രസ് പട്ടികയില്‍ മുല്ലപ്പള്ളിക്കും കെ.വി തോമസിനും സംസ്ഥാനത്തു നിന്ന് കാര്യമായ പിന്തുണയില്ല. എന്നാല്‍ മുന്‍ കേന്ദ്ര മന്ത്രിമാര്‍ എന്ന നിലയില്‍ ഇരുവര്‍ക്കും ഹൈക്കമാന്‍ഡില്‍, പ്രത്യേകിച്ച് സോണിയാ ഗാന്ധിയുടെ പക്കല്‍ നിര്‍ണായക സ്വാധിനുണ്ട്. ആ ലൈനിലാണ് രണ്ടു പേരും കരു നീക്കങ്ങള്‍ നടത്തുന്നത്. സാമുദായിക പരിഗണനയിലാണ് എം.എം ഹസന്റെ പ്രതീക്ഷ. ഇതേ ആനുകൂല്യമാണ് പന്തളം സുധാകരനും പ്രതീക്ഷിക്കുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതാണ് പന്തളത്തിന് അനൂകൂല ഘടകം.

രണ്ട് പതിറ്റാണ്ടു കാലത്തെ ഇടത് ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസ് തറവാട്ടിലേക്ക് തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിനും സാധ്യതയുണ്ടെങ്കിലും 'സിപിഎം ഹാങ് ഓവറൊക്കെ' പൂര്‍ണമായി മാറിയിട്ടു പോരേ അതൊക്കെ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഏ.കെ ആന്റണിയുടെ നിലപാട് നിര്‍ണായകമാകും. വനിതാ പ്രാധിനിത്യ വാദമുയര്‍ത്തി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തുള്ളപ്പോള്‍ യുവാക്കള്‍ക്ക് അവസരം വേണമെന്ന ആവശ്യവുമായാണ് വി.ടി ബല്‍റാമും എം ലിജുവും സീറ്റിനായി അവകാശ വാദമുന്നയിക്കുന്നത്.

കേരളത്തിലെ മൂന്ന് സീറ്റുകള്‍ക്ക് പുറമെ പഞ്ചാബ് (5), അസം (2), ഹിമാചല്‍പ്രദേശ് (1), ത്രിപുര (1), നാഗാലാന്‍ഡ് (1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.