നാറ്റോ അംഗത്വത്തിന് ശ്രമിക്കില്ല; പുടിന്‍ സ്വതന്ത്രമാക്കിയ പ്രവിശ്യകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കും തയ്യാറെന്ന് സെലെന്‍സ്‌കി

നാറ്റോ അംഗത്വത്തിന് ശ്രമിക്കില്ല; പുടിന്‍ സ്വതന്ത്രമാക്കിയ പ്രവിശ്യകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കും തയ്യാറെന്ന് സെലെന്‍സ്‌കി

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സ്വതന്ത്രമെന്ന് പ്രഖ്യാപിച്ച ഡോണെസ്ക്, ലുഹാന്‍സ്ക് എന്നീ പ്രവിശ്യകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെന്‍സ്കി.

ഉക്രെയ്നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്ന ഉക്രെയ്നിന്റെ നാറ്റോ അംഗത്വത്തിന് വേണ്ടി ഇനി ശ്രമിക്കുന്നില്ലെന്നും സെലെന്‍സ്കി സൂചിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സെലെന്‍സ്കിയുടെ ഈ പുതിയ ചുവടുമാറ്റത്തെ നിരീക്ഷകര്‍ കാണുന്നത്.

നാറ്റോയില്‍ ചേരേണ്ടതില്ലെന്ന് തീരുമാനമെടുത്തിട്ട് കുറച്ചു നാളുകളായെന്നും നാറ്റോ റഷ്യയുമായി ഒരു സംഘ‌ര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും സെലെന്‍സ്കി വ്യക്തമാക്കി. ഉക്രെയ്നിനെ സഹായിക്കാന്‍ നാറ്റോയ്ക്ക് സാധിക്കില്ലെന്ന് മനസിലാക്കിയ അന്ന് തന്നെ നാറ്റോയില്‍ ചേരാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിരുന്നതായി സെലെന്‍സ്കി പറഞ്ഞു.

നാറ്റോയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് 'മുട്ടിന്മേല്‍ നിന്ന് യാചിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റായി ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല' എന്ന് സെലെന്‍സ്കി മറുപടി നല്‍കി. റഷ്യയുടെ അയല്‍രാജ്യമായ ഉക്രെയ്ന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ അത് റഷ്യയുടെ രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിരിക്കുമെന്ന് കാണിച്ചാണ് പ്രസിഡന്റ് പുടിന്‍ ഉക്രെയ്ന്‍ അധിനിവേശം ആരംഭിക്കുന്നത്.

എന്നാല്‍ റഷ്യയ്ക്കെതിരായി ഉക്രെയ്ന്റെ ഭാഗത്ത് നിന്ന യുദ്ധത്തില്‍ പങ്കെടുക്കാനോ ഉക്രെയ്നിനെ യുദ്ധത്തില്‍ സഹായിക്കാനോ നാറ്റോയോ അമേരിക്കയോ തയ്യാറാകാത്തത് സെലെന്‍സ്കിയ്ക്ക് വലിയ തിരിച്ചടി ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.